നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകൾ വനിതാ വിജയകുമാർ വിവാഹിതയാകുന്നു. ആദ്യ രണ്ട് വിവാഹങ്ങളിൽ നിന്നായി വനിതയ്ക്ക് മൂന്നു മക്കളുണ്ട്. ചന്ദ്രലേഖ എന്ന സിനിമയിൽ വിജയ്‌യുടെ നായികയായായിരുന്നു അരങ്ങേറ്റം. പത്തൊൻപതാം വയസിലായിരുന്നു ആദ്യവിവാഹം. ആദ്യ ഭർത്താവ് ആകാശുമായുള്ള വിവാഹമോചനം 2007ലായിരുന്നു. ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. അതേവർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. അതിൽ ഒരു കുട്ടിയുണ്ട്.
ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളിൽ സജീവമായ വി.എഫ്.എക്സ് ഡയറക്‌ടർ പീറ്റർ പോളുമായാണ് വനിതയുടെ മൂന്നാമത്തെ വിവാഹം. പ്രണയ വിവാഹമാണ്. ചെന്നൈയിൽ വച്ച് ജൂൺ 27 നാണ് വിവാഹം. മക്കളുടെ സമ്മതത്തോടെയാണ് താൻ വിവാഹിതയാവുന്നതെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കുട്ടികൾക്കും അദ്ദേഹം തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് വനിത പറയുന്നു.
കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥി കൂടിയായിരുന്നു വനിത. സിനിമാതാരങ്ങളായ അരുൺ വിജയ്, ശ്രീദേവി വിജയകുമാർ, പ്രീത വിജയകുമാർ എന്നിവർ സഹോദരങ്ങളാണ്. 1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച നടി ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് .