മലയാള സിനിമയിൽ വളർന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഢസംഘം ആരെന്ന് നടൻ നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക. ഈ ആവശ്യം ഉന്നയിച്ച് ഫെഫ്ക താരങ്ങളുടെ സംഘടനയായ അമ്മയക്ക് കത്ത് നൽകി. ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ സിനിമ രംഗത്ത് നിലനിൽക്കുന്ന സ്വജനപക്ഷപാതവും വിവേചനവുമൊക്കെ വ്യാപകമായി ചർച്ചചെയ്യപ്പെടുകയാണ്. ഇതിനിടയിൽ നീരജ് മാധവ് ഫേസ്ബുക്കിലൂടെ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
മലയാള സിനിമയിലും ചില അലിഖിത നിയമങ്ങൾ നിലവിലുണ്ടെന്ന് വ്യക്തമാക്കിയ നീരജ് വളർന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഢസംഘം മലയാള സിനിമയിലും പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്‌കയുടെ പ്രതികരണം. ഈ സംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണം. അങ്ങനെയുളളവരെ ഒഴിവാക്കാൻ ഒപ്പം നിൽക്കും. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്ത്രീ വിരുദ്ധ പരാമർശം ഉണ്ടെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അമ്മയ്ക്ക് അയച്ച കത്തിൽ പറയുന്നു.
സിനിമയിലെ ഹെയർ ഡ്രസർമാരുടെ പകുതി പ്രതിഫലമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്നും നീരജ് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇത് സ്ത്രീവിരുദ്ധമാണ്. നടന്മാരെ മുളയിലേ നുള്ളിക്കളയുന്ന സംഘം മലയാളസിനിമയിലുണ്ടെന്നും നീരജ് പറഞ്ഞിരുന്നു. അത്തരം സംഘങ്ങൾ സിനിമയിലുണ്ടെങ്കിൽ അവയെ ഇല്ലാതാക്കേണ്ടത് മലയാള സിനിമയിലെ ട്രേഡ് യൂണിയനുകളുടെ കടമയാണെന്നും കത്തിൽ പറയുന്നു.