കൊല്ലം: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ആസ്ഥാനവും അതിന് കീഴിലുള്ള 30 ഫാക്ടറികളും പൂർണമായും കമ്പ്യൂട്ടർ വത്കരിക്കും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി ജൂലായ് 15ന് മുമ്പ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനിച്ചു.
പരിപ്പിന്റെ വിവിധ ഗ്രേഡുകളും വിലയും തൂക്കവും കൃത്യമായി രേഖപ്പെടുത്തി അന്നന്ന് ആകെ പരിപ്പ് സംബന്ധിച്ച വിവരം മാനേജിംഗ് ഡയറക്ടർക്ക് ലഭ്യമാകുന്ന തരത്തിലായിരിക്കും സോഫ്ട്വെയർ വികസിപ്പിക്കുക. കൂടാതെ അക്കൗണ്ടുകൾ ഉൾപ്പെടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ഹാജർ സംബന്ധിച്ച മുഴുവൻ വിവരങ്ങളും സോഫ്ട്വെയറിൽ ഉൾപ്പെടുത്തും.
കേരള ബ്രാൻഡ് കശുഅണ്ടി പരിപ്പിന്റെ ഗുണമേന്മയും രുചിയും കാരണം അന്താരാഷ്ട്ര തലത്തിൽ നേടിയെടുത്ത പ്രശസ്തിയും ഉയർന്ന വിലയും നിലനിറുത്താൻ അടിയന്തര നടപടി സ്വീകരിക്കാനും പരിപ്പ് കയറ്റുമതി വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2017 ൽ കോർപ്പറേഷൻ ഫാക്ടറികളുടെ ആധുനികവത്കരണത്തിനും ഭാഗിക യന്ത്രവത്കരണത്തിനുമായി 40 കോടി രൂപ അനുവദിച്ചതിൽ ആധുനികവത്കരണത്തിനായി നീക്കിവച്ച 12 കോടി രൂപ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. ഭാഗികമായ യന്ത്രവത്കരണത്തിനനുവദിച്ച 28 കോടി രൂപ കൂടി കോർപ്പറേഷൻ ഫാക്ടറികളുടെ ആധുനികവത്കരണത്തിന് ഉപയോഗിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കാൻ കോർപ്പറേഷന് മന്ത്രി നിർദ്ദേശം നൽകി.
ആധുനികവത്കരണത്തിന്റെ ഭാഗമായി കോർപ്പറേഷന്റെ ചാത്തന്നൂർ, പാൽക്കുളങ്ങര, ഇളമ്പള്ളൂർ ഫാക്ടറികൾ പൂർണമായും നവീകരിക്കാനും ചാത്തന്നൂരിൽ പരിപ്പ് ഗുണമേന്മയോടെ സൂക്ഷിക്കാനുള്ള ഗോഡൗണും ഒരു പാക്കിംഗ് സെന്ററും നിർമിക്കാനും തീരുമാനിച്ചു. ബാക്കിയുള്ള ഫാക്ടറികൾ ആധുനികവത്കരിക്കാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.