pic

കൊല്ലം: നിരീക്ഷണത്തിലിരിക്കണമെന്ന നിർദേശം അവഗണിച്ച് കാഴ്ച കാണാൻ ഇറങ്ങിയ രണ്ടുപേർക്കെതിരെ പരവൂർ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തു. കുവൈറ്റിൽ നിന്ന് അഞ്ചുദിവസം മുമ്പ് നാട്ടിലെത്തി ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം ജാൻസി മന്ദിരത്തിൽ ജാൻസൺ (48), ദുബായിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പരവൂർ പൊഴിക്കര വാറുകുളത്ത് എള്ളുവിള വീട്ടിൽ രാജേന്ദ്ര പ്രസാദ് (38) എന്നിവർക്കെതിരെയാണ് കേസ്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ജാൻസൺ അയൽക്കാരോട് ബഹളം വച്ചെന്ന് പൊലീസ് പറയുന്നു. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ രാജേന്ദ്രപ്രസാദ് അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു. നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു.