കൊല്ലം: ആയൂർ-അഞ്ചൽ-പുനലൂർ സ്റ്റേറ്റ് ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ടെണ്ടർ നടപടികൾക്ക് തുടക്കമായെന്നും മന്ത്രി കെ. രാജു പറഞ്ഞു. ആയൂർ ടൗണിൽ നിന്ന് അഗസ്ത്യക്കോട് ജംഗ്ഷൻ വരെ 8.75 കിലോമീറ്റർ ദൂരത്തിലാണ് ഹൈവേ നിർമിക്കുന്നത്. അഗസ്ത്യക്കോട് മലയോര ഹൈവേ വരെയാണ് റോഡ് നിർമാണം.
പത്ത് മീറ്റർ വീതിയിൽ നാലുവരിപാതയാണ് നിർമിക്കുന്നത്. ഇതിൽ രണ്ട് വരിപാത നിർമാണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ടെണ്ടർ നടപടികൾ ജൂലായ് 9ന് അവസാനിക്കുന്നതോടെ നിർമാണം ആരംഭിക്കും. കലുങ്കുകൾ, ഫുട്പാത്ത്, ഓടകൾ, വട്ടമൺ പാലത്തിന് സമാന്തരമായി പുതിയപാലം, വാഹന പാർക്കിംഗിന് സ്ഥലങ്ങൾ, തുടങ്ങിയവയാണ് നിർമിക്കുന്നത്.
അഞ്ചൽ ബൈപാസിന്റെ ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങളും ഇതിനോടൊപ്പം നടക്കും. അഞ്ചൽ കുരിശിൻമൂട്ടിൽ നിന്ന് അഞ്ചൽ -പുനലൂർ റോഡിൽ ബ്ലോക്ക് ഓഫീസിന് സമീപം വരെയാണ് ബൈപാസ് നിർമിക്കുന്നത്. 2.11 കിലോമീറ്റർ നീളത്തിൽ 14 മീറ്റർ വീതിയിലാണ് നിർമാണം. കിഫ്ബിയിൽ നിന്നാണ് ഹൈവേ നിർമാണത്തിനാവശ്യമായ തുക അനുവദിച്ചിട്ടുള്ളത്.
.........................................
ആയൂർ-അഞ്ചൽ-പുനലൂർ ഹൈവേയുടെ നിർമ്മാണം ത്വരിതഗതിയിലാക്കുകയും അഞ്ചൽ ബൈപാസിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുകയും ചെയ്യും. ബൈപാസിനോട് ചേർന്ന് രണ്ട് വശത്തും നടപ്പാതകൾ നിർമ്മിക്കുക, ടാറിംഗ് ചെയ്യുക, വട്ടമൺ തോടിന് കുറുകെ ചെറിയ പാലം നിർമ്മിക്കുക തുടങ്ങിയ പ്രവൃത്തികളാണ് ഇനി നടക്കുവാനുള്ളത്. ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതോടെ ബൈപാസിന്റെ നിർമ്മാണം വേഗത്തിലാകും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മന്ത്രി കെ. രാജു