പത്തനാപുരം: അമ്പനാർ കോട്ടക്കയം വനമേഖലയിൽ പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. പാടം ലക്ഷംവീട് കോളനി സുമേഷ് ഭവനിൽ ശരത്ത് പ്രസാദാണ് (30) പിടിയിലായത്. അഞ്ചാം പ്രതിയായ ശരത്തിന്റെ ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.
പാടം ഇരുട്ടുത്തറ സ്വദേശി പൊടിമോൻ എന്ന് വിളിക്കുന്ന അനിമോൻ (39), കലഞ്ഞൂർ സ്വദേശി ശരത്ത് (24), പാടം സ്വദേശി രഞ്ജിത്ത് (26) എന്നിവരെ നേരത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. ആദ്യം പിടിയിലായ രഞ്ജിത്തിന്റെ സഹോദരനാണ് ശരത്ത് പ്രസാദ്.
ഏപ്രിൽ 11 നാണ് ഓലപ്പാറ മാങ്കൂട്ടം ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പത്ത് വയസ് പ്രായം വരുന്ന പിടിയാന കറവൂർ കോട്ടക്കയം കാട്ടരുവിക്ക് സമീപം ഏപ്രിൽ 9 നാണ് എത്തിയത്. പന്നിപ്പടക്കം കടിച്ച് പരിക്കേറ്റതിനാൽ വായും നാക്കും തകർന്ന ആന വെള്ളം പോലും കുടിക്കാനാകാത്ത നിലയിലായിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ആന ചികിത്സ തുടങ്ങും മുൻപേ ചരിയുകയായിരുന്നു.
പ്രതിയെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നിസാം പറഞ്ഞു.