കൊട്ടാരക്കര: നാളുകൾക്ക് ശേഷം പള്ളിക്കൽ ഏലായിൽ വീണ്ടും വിത്തുവിതയുടെ മേളം. ഡി.വൈ.എഫ്.ഐ കോട്ടാത്തല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആറേക്കർ തരിശുനിലത്തിൽ വിത്തെറിഞ്ഞത്. ഒപ്പം കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നാലേക്കർ പാടത്തും കൃഷിയിറക്കി. നെൽക്കൃഷിയില്ലാതെ കാടുമൂടി കിടക്കുകയായിരുന്ന പള്ളിക്കൽ ഏല ആഴ്ചകളോളും നീണ്ട പരിശ്രമത്തിലാണ് കൃഷിക്കായി ഒരുക്കിയെടുത്തത്.
ഉഴുതുമറിയ്ക്കലും വരമ്പ് പിടിത്തവുമൊക്കെ പുത്തൻ കർഷർ ആവേശത്തോടെ ചെയ്തു. പാരമ്പര്യത്തിന്റെ കാർഷിക അറിവുകൾ പകർന്നുനൽകാൻ കർഷക സംഘത്തിന്റെ പ്രവർത്തകരുമെത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായവും ചേർന്നപ്പോൾ പാടത്തെ പണിക്ക് ആളെ കിട്ടില്ലെന്ന ചിന്തകൾ മാഞ്ഞു. നിലമൊരുക്കിയെടുത്തപ്പോഴേക്കും മൈലം ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ കൃഷി ഭവനിൽ നിന്ന് ജ്യോതി നെൽവിത്തുകളെത്തി.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. ജോൺസൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ നായർ, ജി. സുന്ദരേശൻ, മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറിമാരായ എൻ. ബേബി, സി. മുകേഷ്, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, സെക്രട്ടറി എസ്.ആർ. അരുൺബാബു, ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി ജി. മുകേഷ്, ട്രഷറർ എസ്. അരവിന്ദ്, മേഖലാ പ്രസിഡന്റ് എസ്. സന്ദീപ്, സെക്രട്ടറി എസ്. അരുൺ, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മുരളീധരൻ, കൃഷി ഓഫീസർ കെ.ആർ. ചിത്ര, എം. ബാബു, ലുക്മാൻ, കൂട്ടിങ്ങൽ ബാബു, അജയകുമാർ, ബിജു, കുട്ടപ്പൻപിള്ള, ബി.ഉണ്ണിക്കൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ബ്ളോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ സഹായവും കൃഷിക്ക് ലഭിക്കുന്നുണ്ട്. കന്നി മാസത്തിൽ കൊയ്യാമെന്നാണ് കണക്കുകൂട്ടുന്നത്.