പടിഞ്ഞാറേ കല്ലട : പടി. കല്ലട പഞ്ചായത്തിലെ കോതപുരം കെട്ടിടത്തിൽ ചരുവിലെ മണ്ണിടിച്ചിൽ ഭീഷണിക്ക് അവസാനമായി. ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിൽ അപകട ഭീഷണി ഉയർത്തിയിരുന്ന കുന്നിന്റെ ഉയരം ജെ.സി.ബി ഉപയോഗിച്ച് കുറയ്ക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. 5 വീടുകൾക്ക് ഭീഷണിയായി നിന്നിരുന്ന മണ്ണാണ് നീക്കം ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു തവണ ഇവിടെ മണ്ണിടിച്ചിലുണ്ടായി വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് ജോലികൾ വേഗത്തിൽ തുടങ്ങാൻ സാധിച്ചത്. 4650 മെട്രിക് ടൺ മണ്ണ് ജൂലായ് 4 ന് മുമ്പ് നീക്കാനാണ് അനുമതി ലഭിച്ചത്.
അടിവാരത്തെ കുടുംബങ്ങൾക്ക് ആശ്വാസം
കുന്നിൻ മുകളിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങിയതോടെ അടിവാരത്തെ കുടുംബങ്ങൾക്ക് ആശ്വാസം. മഴ ശക്തമായാൽ കുന്നിടിഞ്ഞ് വീടിനു മുകളിൽ വീഴുമോയെന്ന ഭീതിയിലാണ് ഈ കുടുംബങ്ങൾ ഇത്രയും നാൾ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ മണ്ണിടിച്ചിലുണ്ടായത് ഇവരിൽ ഭീതി വർദ്ധിപ്പിച്ചു.
4650 മെട്രിക് ടൺ മണ്ണ് ജൂലായ് 4 നു മുമ്പ് നീക്കാനാണ് അനുമതി ലഭിച്ചത്
വാർത്ത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ കേരള കൗമുദി പത്രത്തിന് നന്ദി രേഖപ്പെടുത്തുന്നു. വാർഡ് മെമ്പർ ആർ. ജോസും വിഷയത്തിൽ ഇടപെട്ട് പ്രവർത്തിച്ചു. എല്ലാവർക്കും നന്ദി.
കാണിക്കൽ വീട്ടിൽ അനന്ദൻ, ഭാര്യ സുഭാഷിണി(പ്രദേശവാസികൾ)