bsnl
തെന്മല പഞ്ചായത്തിലെ ചാലിയക്കരയിൽ ഓൺലൈൻ പഠന ക്ലാസ് മുടങ്ങുന്നതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ ബി.എസ്.എൻ.എല്ലിന്റെ ടവറിൽ റീത്ത് വയ്ക്കുന്നു

പുനലൂർ: ഇന്റർനെറ്റ് സംവിധാനം ഇടക്കിടെ തകരാറിലാകുന്നതിനാൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നതിനെതിരെ നാട്ടുകാർ ബി.എസ്.എൻ.എൽ ടവറിൽ റീത്തുവച്ച് പ്രതിഷേധിച്ചു. തെന്മല പഞ്ചായത്തിലെ ചാലിയക്കരയിൽ സ്ഥിതി ചെയ്യുന്ന ടവറിനുമുന്നിലായിരുന്നു പ്രതിഷേധം.

ചാലിയക്കര, ഉപ്പുകുഴി, അമ്പിക്കോണം, ചെറുകടവ്, ഓലപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇന്റർനെറ്റ് സംവിധാനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതുകാരണം ഭൂരിഭാഗം വിദ്യാർത്ഥികളും പുനലൂർ, നെല്ലിപ്പള്ളി, വെള്ളിമല തുടങ്ങിയ സ്ഥലങ്ങളിലെ ബന്ധുവീടുകളിൽ എത്തിയാണ് പഠിക്കുന്നത്.

ടവറിന്റെ ശേഷി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബി.എസ്.എൻ.എൽ അധികൃതരെ സമീപിച്ചിട്ടും നടപടി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

മുൻ പഞ്ചായത്തംഗം ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചാലിയക്കര ശാഖാ പ്രസിഡന്റ് ജി. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കളായ കുമാർ, സന്തോഷ്, മാരിയപ്പൻ തുടങ്ങിയവർ സംസാരിച്ചു.