കൊല്ലം: വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കൊല്ലം നഗരത്തിന്റെ ഭരണം പിടിക്കാൻ കൊവിഡ് ഭീതിക്കിടയിലും രാഷ്ട്രീയ പാർട്ടികൾ ഒരുക്കങ്ങൾ സജീവമാക്കി. ഇതുവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെ കണ്ടെത്തി പേര് ചേർക്കാനുള്ള ശ്രമത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. സി.പി.എമ്മും സി.പി.ഐയും ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിച്ച് പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. യു.ഡി.എഫ് കൊവിഡിന് മുൻപ് തന്നെ പുനസംഘടിപ്പിച്ച വാർഡ്, ബൂത്ത് കമ്മിറ്റികൾ വീണ്ടും വിളിച്ച് ചേർത്തുവരുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡി.സി.സി ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു. നഗരത്തിൽ കഴിഞ്ഞ തവണ ആദ്യമായാണ് താമര വിരിഞ്ഞത്. അതും രണ്ടെണ്ണം. ഇത്തവണ 24 ഡിവിഷനുകളിൽ ഉറപ്പായും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ സമന്വയ ബൈഠക്കുകൾ ചേർന്നു തുടങ്ങി.
സീറ്റിനായി ചതുരംഗക്കളി
സീറ്റിനായി നിലവിലെ കൗൺസിലർമാരും നേതാക്കളും ചതുരംഗക്കളികൾ തുടങ്ങി. വനിതാ കൗൺസിലർമാർ നിലവിലെ സീറ്റ് നിലനിറുത്താനും പുരുഷ കൗൺസിലർമാർ സംവരണമില്ലാത്ത തൊട്ടടുത്ത ഡിവിഷനുകൾ കൈപ്പിടിയിലാക്കാനുമുള്ള ശ്രമത്തിലാണ്. രണ്ട് കൂട്ടരെയും വെട്ടി സിറ്റി പിടിക്കാനുള്ള ശ്രമത്തിലാണ് മറ്റ് നേതാക്കൾ. ജനകീയരായ വിജയസാദ്ധ്യതയുമുള്ളവരെ മാത്രമേ സ്ഥാനാർത്ഥികളാക്കൂ എന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും പറയുന്നത്.
പ്രതീക്ഷയോടെ ഇടത്-വലത്
മുന്നണികളും ബി.ജെ.പിയും
കൊല്ലം കോർപ്പറേഷൻ അഞ്ചാം തവണയും കൈപ്പിടിയിലാക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. വരും ദിവസങ്ങളിൽ പൂർത്തിയായ പദ്ധതികളുടെ റിലേ ഉദ്ഘാടനങ്ങൾ ഉടനുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. യു.ഡി.എഫ് നിലവിലെ ഭരണസമിതിക്കെതിരെ സമരങ്ങൾ ശക്തമാക്കി വരുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡി.സി.സി ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 24 ഡിവിഷനുകളിൽ ഉറപ്പായും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയും.
55 ഡിവിഷനുകൾ
നിലവിലെ കക്ഷി നില
എൽ.ഡി.എഫ്
സി.പി.എം 26
സി.പി.ഐ 10
ജെ.എസ്.എസ് 1
യു.ഡി.എഫ്
കോൺഗ്രസ് 11
ആർ.എസ്.പി 4
ബി.ജെ.പി 2
എസ്.ഡി.പി.ഐ1