ദുരിതകാലത്ത് വിലക്കയറ്റം പിടിച്ചുനിറുത്തി വിജിലൻസ്
കൊല്ലം: പരിചയമില്ലാത്ത ഒരാൾ കടയിൽ കയറിവന്ന് ഒരു കിലോ ചെറുപയർ ചോദിച്ചാൽ വിജിലൻസിന്റെ പരിശോധനയാണെന്ന് വ്യാപാരികളിൽ വലിയൊരു വിഭാഗം സംശയിച്ച രണ്ടര മാസക്കാലമാണ് കടന്നുപോയത്. എല്ലാ നിയന്ത്റണങ്ങളും മറികടന്ന് വിപണിയിൽ വിലക്കയറ്റം കുതിച്ച് കയറിയപ്പോഴാണ് ഇടപെടാൻ വിജിലൻസിനോട് സർക്കാർ ആവശ്യപ്പെട്ടത്.
സർവ സന്നാഹങ്ങളുമായി വിജിലൻസ് വിപണിയിലേക്ക് കയറിയതോടെ അമിത വില ഈടാക്കിയവർക്കൊപ്പം പൂഴ്‌ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരും കുടുങ്ങി. സാധനം വാങ്ങാൻ കടയിലെത്തുന്നത് വിജിലൻസാണോ പൊതുജനങ്ങളാണോയെന്ന് തിരിച്ചറിയാൻ കഴിയാതെ വന്നതോടെ അമിതവിലയുടെ ഗ്രാഫ് താഴ്ത്താൻ പലരും നിർബന്ധിതരായി.
മാർച്ച് 31 മുതൽ ജൂൺ 12 വരെ കൊല്ലത്തെ 1,351 വ്യാപാര കേന്ദ്രങ്ങളിലാണ് വിജിലൻസ് കൊല്ലം യൂണിറ്റ് കയറിയിറങ്ങിയത്. വിജിലൻസ് ഡിവൈ.എസ്.പി കെ.അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ പരിശോധനകളും നടപടികളും ഏകോപിപ്പിച്ചത്. വിജിലൻസ് സി.ഐമാരും എസ്.ഐമാരും മറ്റ് ഉദ്യോഗസ്ഥരും സംഘത്തിന്റെ ഭാഗമായി. വിജിലൻസ് കൊല്ലം യൂണിറ്റിന്റെ മികച്ച വിപണി ഇടപെടലിന്റെ അംഗീകാരമായി ഡിവൈ.എസ്.പി കെ.അശോക് കുമാറിന് ഗുഡ് സർവീസ് എൻട്രിയും ലഭിച്ചു.
രണ്ടുമാസം വിജി. പരിശോധന: 1,351 സ്ഥാപനങ്ങളിൽ
നടപടി: 727
കാലതാമസമില്ലാതെ നടപടി
പഴം - പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ബേക്കറികൾ, പലചരക്ക് കടകൾ, പോത്തിറച്ചി - കോഴിയിറച്ചി വിൽപ്പന ശാലകൾ തുടങ്ങി വിജിലൻസ് കയറാത്ത സ്ഥാപനങ്ങൾ കുറവാണ്. നിയമ ലംഘനങ്ങൾ നടത്തി സാധാരണക്കാരെ കൊള്ളയടിച്ച 727 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. സിവിൽ സപ്ലൈസ് വകുപ്പിലെ റേഷനിംഗ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള സംഘവുമായാണ് വിജിലൻസ് കടകളിൽ കയറിയത്. അതിനാൽ നിയമനടപടികൾക്കും നോട്ടീസ് നൽകുന്നതിനും കാലതാമസമുണ്ടായില്ല.
അമിത വിലയുടെ ഉത്സവകാലം
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ അങ്കലാപ്പിലായ ജനങ്ങളെ ചൂഷണം ചെയ്യാനാണ് വിപണി മത്സരിച്ചത്. ക്ഷാമം വരുമെന്ന ഭയത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ജനങ്ങൾ ശ്രമിച്ചപ്പോൾ പൂഴ്ത്തിവച്ച് കൃത്രിമമായി വില ഉയർത്തി. ദിവസങ്ങളുടെ വ്യത്യാസത്തിൽ അവശ്യ നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 30 രൂപ വരെ തരാതരം പോലെ വില ഉയർത്തി. കുപ്പിവെള്ളം, പഴം- പച്ചക്കറി, അരി മുതൽ പയർ വരെയുള്ള അവശ്യസാധനങ്ങൾ തുടങ്ങി എല്ലാം വിലക്കയറ്റത്തിലമർന്നു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിലും നേരെയാകാൻ ഒരു വിഭാഗം വ്യാപാരികൾ തയ്യാറായില്ല. തുടർന്നാണ് വിജിലൻസ് ഇടപെട്ടത്.
നേട്ടങ്ങൾ ഇങ്ങനെ
1. എല്ലാ സ്ഥാപനങ്ങളിലും വില നിലവാര പട്ടിക പ്രദർശിപ്പിച്ചു
2. വഴിയോര കച്ചവടക്കാർ വരെ വില പ്രദർശിപ്പിക്കാൻ നിർബന്ധിതരായി
3. വില പ്രദർശിപ്പിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി
4. അമിത വില ഈടാക്കിയവർ ജില്ലയിലെമ്പാടും കുടുങ്ങി
5. കുപ്പിവെള്ളം സർക്കാർ നിശ്ചയിച്ച 13 രൂപയിൽ വിപണിയിൽ
''
രണ്ടര മാസത്തിനിടെ 1,351 വ്യാപാര സ്ഥാപനങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വിലക്കയറ്റത്തെ പിടിച്ചുനിറുത്താൻ വിജിലൻസ് പരിശോധന വലിയതോതിൽ സഹായകമായി.
കെ. അശോക് കുമാർ, ഡിവൈ. എസ്.പി,
വിജിലൻസ് കൊല്ലം യൂണിറ്റ്