കൊല്ലം: സുരക്ഷ ഇല്ലാതെ ഒറ്റമുറി വീട്ടിൽ കഴിഞ്ഞ മൂന്ന് പെൺകുട്ടികളടങ്ങിയ കുടുംബത്തിന് ഭൂമിയും അടച്ചുറപ്പുള്ള വീടും ഉറപ്പാക്കി അദ്ധ്യാപകൻ മാതൃകയായി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനുമായ ശാസ്താംകോട്ട, ഭരണിക്കാവ് പൗർണമിയിൽ എൽ. സുഗതനാണ് ജനപ്രതിനിധികളുടെ സഹായത്തോടെ കുട്ടികൾക്ക് വീട് ഉറപ്പാക്കിയത്.
വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് സുഗതൻ കൊച്ചാലുംമൂട് എസ്റ്റേറ്റിലെ പഴയ തീപ്പെട്ടി കമ്പനിയോട് ചേർന്ന് വെട്ടവും വെളിച്ചവുമില്ലാതെ തകര ഷീറ്റ് മേഞ്ഞ ഒറ്റമുറി കൂരയിലെത്തിയത്. തന്റെ സ്കൂളിലെ പൗർണമി എന്ന വിദ്യാർത്ഥിനിയുടെ വീടായിരുന്നു അത്. 40 വർഷം മുൻപ് ജോലി തേടി കേരളത്തിലെത്തിയ തമിഴ് വംശജരായ പൗർണമിയുടെ മാതാപിതാക്കൾ അന്നലക്ഷ്മിയും ചെല്ലയ്യയും എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഇവരുടെ മൂന്ന് പെൺകുട്ടികളും താമസിക്കുന്ന വീട്. ആർ.രാജേഷ് എം.എൽ.എ ഇടപെട്ട് ചാരുംമൂട് പ്രീമെട്രിക് ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന കുട്ടികൾ ലോക്ക് ഡൗൺ ആയതോടെയാണ് വീണ്ടും ഒറ്റമുറി വീട്ടിലേക്കെത്തിയത്.
ചെല്ലയ്യയ്ക്ക് തീപ്പെട്ടി കമ്പനിയിൽ നിന്നുള്ള തുച്ഛ വരുമാനം ഒന്നിനും തികയാതെ വന്നപ്പോൾ വാടക വീടൊഴിഞ്ഞ് കമ്പനിയോട് ചേർന്ന ഒറ്റമുറി വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വീട് ലഭിച്ചില്ല. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ അദ്ധ്യാപകൻ സുഗതനും പി.ടി.എ പ്രസിഡന്റും തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും നേരിൽ കണ്ട് സ്ഥിതി അവതരിപ്പിച്ചു. പിന്നീട് എല്ലാവരും ഒറ്റക്കെട്ടായി പണം പിരിച്ച് പൗർണമിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വാടക വീട് കണ്ടെത്തി നൽകി. ഓൺലൈൻ പഠനത്തിന് ബ്ളോക്ക് പഞ്ചായത്ത് അംഗം ടി.വിയും സമ്മാനിച്ചു. തഴക്കര പഞ്ചായത്തുമായി ആലോചിച്ച് പൗർണമിയുടെ കുടുംബത്തിന് സ്വന്തമായി വസ്തുവും വീടും ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആർ. രാജേഷ് എം.എൽ.എ ഉറപ്പ് നൽകി.