കൊവിഡ് പ്രതിരോധം പാളുന്നു
കൊല്ലം: ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ പൊതു ഇടങ്ങളിലെ സാമൂഹിക അകലവും പ്രതിരോധവും പാളുന്നു. കർശന നിയന്ത്രണങ്ങളിൽ നിന്ന് പൊലീസ് പിൻവാങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. ലോക്ക് ഡൗൺ കാലത്തെ വിപണന മാന്ദ്യം പരിഹരിക്കാൻ ജില്ലയിലെ ചില വ്യാപാര കേന്ദ്രങ്ങൾ പ്രഖ്യാപിച്ച വിലക്കുറവ് മേളകളിൽ ജനം ഇടിച്ചു കയറി.
സാമൂഹിക അകലം പോയിട്ട്, ശ്വാസം വിടാനുള്ള സ്ഥലം പോലും നൽകാതെ ജനം തിരക്ക് കൂട്ടിയപ്പോൾ സഹികെട്ട് പൊലീസിന് ഇടപെടേണ്ടി വന്നു. വിപണനശാലകൾ, ബസ് സ്റ്റോപ്പുകൾ, ചന്തകൾ തുടങ്ങി ഒരിടത്തും കൊവിഡ് പ്രതിരോധം ഉറപ്പാക്കാൻ കഴിയുന്നില്ല. ഉറവിടം കണ്ടെത്താൻ കഴിയാത്ത കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടും ചിലർ സാഹചര്യങ്ങൾ ഉൾകൊള്ളാത്തത് ആരോഗ്യ വകുപ്പിനെയും കുഴയ്ക്കുന്നു.
ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും വിധം ഇടപെടുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയുമാണ് ജില്ലാ ഭരണകൂടവും പൊലീസും.
നിരീക്ഷണം ചാടിക്കടന്ന് ആഗ്രഹങ്ങൾ
വിദേശ രാജ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ വീട്ടിൽ അല്ലെങ്കിൽ സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം. അങ്ങനെ പുറത്തിറങ്ങാൻ കഴിയാതിരിക്കുമ്പോൾ ബൈക്കെടുത്ത് ഹെൽമറ്റും വച്ച് കിഴി പൊറോട്ട വാങ്ങാൻ ഇറങ്ങിയാൽ എന്താകും സ്ഥിതി?
ജില്ലയിലെമ്പാടും നിരീക്ഷണ സംവിധാനങ്ങൾ പലപ്പോഴായി താളം തെറ്റി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തിലേറെ പേർക്കെതിരെ നിരീക്ഷം അവഗണിച്ചതിന് പൊലീസ് കേസെടുത്തു. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സമയം വരെ നിർബന്ധമായും മുറിക്ക് പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിഞ്ഞേ മതിയാകൂ.
മൂക്കിന് താഴെയല്ല മാസ്ക്
മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മൂക്കും വായും നിർബന്ധമായും മറയ്ക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. പക്ഷെ മാസ്ക് ധരിക്കുന്ന മിക്കവരുടെയും മൂക്ക് മാസ്കിന് പുറത്താണ്. മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നതിന് ദിവസം മുന്നൂറിലേറെ പേർക്കെതിരെയാണ് പൊലീസ് കേസെടുക്കുന്നത്. അതിന്റെ എത്രയോ ഇരട്ടി ആളുകൾ പൊലീസിനെ വെട്ടിച്ച് മുങ്ങുന്നു. ചിലർ പൊലീസിനെ കാണുമ്പോൾ മാത്രം മാസ്ക് ധരിക്കുന്നു.
കൊവിഡ് പ്രതിരോധത്തിന് വേണ്ടത്
1. മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം
2. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. ഹാൻഡ് വാഷ് കോർണറുകൾ
3. വ്യക്തികൾ തമ്മിൽ ഒന്നര മീറ്ററോളം അകലം പാലിക്കണം
4. യാത്രകൾ പരമാവധി ഒഴിവാക്കണം
5. മാസ്ക് ഉൾപ്പെടെ ഉപയോഗിക്കുന്നതൊന്നും വലിച്ചെറിയരുത്
6. നിരീക്ഷണത്തിൽ കഴിയുന്നവർ കുടുംബങ്ങളുമായി പോലും സമ്പർക്കം പാടില്ല
പൊതു ഇടങ്ങളിൽ കാണുന്നത്
1. മാസ്ക് ധരിക്കാത്തതിന് ദിവസം മുന്നൂറിലേറെ കേസ്. മൂക്ക് പുറത്തിട്ട് മാസ്ക് ധരിക്കുന്നു
2. ഹാൻഡ് വാഷ് കോർണറുകൾ ഉപോയോഗശൂന്യം. ശുചിത്വത്തിൽ ശ്രദ്ധ കുറഞ്ഞു
3. സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയാത്ത ജനക്കൂട്ടം
4. അനാവശ്യ യാത്രകളുടെയും യാത്രക്കാരുടെയും എണ്ണമേറി
5. ഉപയോഗിച്ച മാസ്കുകൾ നിരത്തിൽ വലിയ തോതിൽ വലിച്ചെറിയുന്നു
6. ഗൃഹ നിരീക്ഷണം അവഗണിച്ച് കാഴ്ച കാണാൻ ഇറങ്ങുന്നവർ വർദ്ധിച്ചു
''
ഗൃഹ നിരീക്ഷണം ഉൾപ്പെടെയുള്ള സർക്കാർ നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.
എസ്. ഹരിശങ്കർ,
കൊല്ലം റൂറൽ പൊലീസ് മേധാവി