ml
ഓച്ചിറ പടനിലത്ത് സ്ഥാപിച്ച ഇൻസിനറേറ്റർ

തഴവ : ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലത്തെ ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തിന്റെ അംഗീകാരം കാത്തു കിടക്കുന്നു. ക്ഷേത്ര പടനിലത്തെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊല്ലം ജില്ലാ ജഡ്ജി വിളിച്ചു ചേർത്ത അദാലത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശാനുസരണം ഇൻസിനറേറ്റർ സ്ഥാപിച്ചത്.

ഏത് തരം ഇൻസിനറേറ്റർ സ്ഥാപിക്കണമെന്നും കരാർ ആരെ ഏൽപ്പിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരവും പൂർണമായ നിർമ്മാണ മേൽനോട്ട ചുമതലയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൊല്ലം, ആലപ്പുഴ ജില്ലാ മേധാവികൾക്ക് നൽകാനും അദാലത്തിൽ വിധിയായിരുന്നു.

ഇതനുസരിച്ച് ബോർഡിന്റെ നേരിട്ടുള്ളള മേൽനോട്ടത്തിൽ അവർ തന്നെ നിർദ്ദേശിച്ച കരാറുകാരനെ ഉപയോഗിച്ച് കഴിഞ്ഞ വൃശ്ചികോത്സവത്തിന് മുൻപായി നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനാനുമതിയും നൽകി.

എന്നാൽ ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയല്ല, ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരമാണ് വേണ്ടതെന്ന് കൃഷ്ണപുരം പഞ്ചായത്ത് അധികൃതർ വാദിച്ചതോടെയാണ് ഉദ്ഘാടനം മുടങ്ങി ഇൻസിനറേറ്റർ നോക്കുകുത്തിയായത്.

 ഒാച്ചിറ ക്ഷേത്ര ഭരണ സമിതി പറയുന്നതിങ്ങനെ

ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഇൻസിനറേറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളാണ് ആവശ്യപ്പെത്. ഇത് ലഭ്യമാക്കിയതോടെ അഗ്നിസുരക്ഷാ വിഭാഗത്തിന്റെ അംഗീകാരം ലഭിക്കണമെന്ന വാദമുന്നയിച്ചു.

അഗ്നി സുരക്ഷാ വിഭാഗത്തിന്റെ അംഗീകാരത്തിനുള്ള അപേക്ഷ കഴിഞ്ഞ ജനുവരിയിൽ തന്നെ നൽകിയെങ്കിലും ഏപ്രിൽ വരെ ഇത് ബന്ധപ്പെട്ടവർക്ക് അയയ്ക്കുവാൻ പഞ്ചായത്ത് തയ്യാറായില്ല. അഗ്നിസുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ക്ഷേത്ര ഭാരവാഹികൾ ബന്ധപ്പെട്ടപ്പോൾ ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള സാധാരണ സ്ഥാപനങ്ങളിൽ രാസമാലിന്യങ്ങൾ ഇല്ലാത്തതിനാൽ ഇതാവശ്യമില്ലെന്നാണ് അവർ അറിയിച്ചത്. എന്നാൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനറേറ്ററിനെ വൻകിട വ്യവസായശാലകളിലെ ഇൻസിനറേറ്ററിന്റെ പട്ടികയിൽപ്പെടുത്തിക്കൊണ്ടാണ് പഞ്ചായത്ത് അഗ്നി സുരക്ഷാ വിഭാഗത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.

കോടതിയെ സമീപിക്കും

സാങ്കേതിക തടസവാദങ്ങൾ ഉയർത്തി ഇൻസിനറേറ്ററിന്റെ പ്രവർത്തനാനുമതി വൈകിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ.

18 ലക്ഷം രൂപ ചെലവഴിച്ചാണ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ മേൽനോട്ടത്തിൽ ഇൻസിനറേറ്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.