cpm-cpi

കൊല്ലം: സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് തടസപ്പെട്ട നഗരത്തിലെ പദ്ധതികളിൽ ഇരുപാർട്ടികളും തമ്മിൽ ഉഭയകക്ഷി ചർച്ച തുടങ്ങി. നഗരസഭയുടെ എൽ.ഇ.ഡി പദ്ധതി, ആശ്രാമത്തെ ഹെറിറ്റേജ് വാക്ക് എന്നീ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനുമായി ചർച്ച നടത്തി.

ആശ്രാമം മൈതാനത്തിന് ചുറ്റും കൊല്ലത്തിന്റെ ജീവിത ചരിത്രം അടയാളപ്പെടുത്തുന്ന ഹെറിറ്റേജ് വാക്ക് പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേയറുടെ നിർദ്ദേശ പ്രകാരം നഗരസസഭാ എൻജിനിയറിംഗ് വിഭാഗം സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ജൈവ വൈവിദ്ധ്യ മേഖലയിൽ നിർമ്മാണം പാടില്ലെന്നാണ് പരസ്യമായി പറയുന്നതെങ്കിലും അനുമതിയില്ലാത്ത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റോപ്പ് മെമ്മോ. ഇതിനെതിരെ എം. മുകേഷ് എം.എൽ.എ സി.പി.എം നേതൃത്വത്തെയും സാംസ്കാരിക വകുപ്പിനെയും സമീപിച്ചിരുന്നു.

നഗരസഭയുടെ ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതിയുടെ ഡി.പി.ആർ ഒപ്പിടുന്നതാണ് രണ്ടാമത്തെ പ്രശ്നം. സി.പി.എം പ്രതിനിധിയായിരുന്ന രാജേന്ദ്രബാബു മേയറായിരിക്കുമ്പോഴാണ് പദ്ധതിയുടെ കരാർ ഒപ്പിട്ടത്. സി.പി.ഐയുടെ ഹണി ബഞ്ചമിൻ മേയറായി എത്തിയതോടെ പദ്ധതി നഗരസഭയ്ക്ക് നഷ്ടമാണെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നഗരസഭയിലെ സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ ചർച്ചയിൽ ഏർപ്പെടാൻ തീരുമാനിച്ചത്.

 തെരുവ് വിളക്കിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിൽ നികുതികാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ആന്റണി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്ന് പറഞ്ഞു. മരാമത്ത് സ്ഥിരം സമിതി തെരുവ് വിളക്ക് പരിപാലനത്തിൽ വലിയ പരാജയമാണെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ അജണ്ടയിൽ ഇല്ലാത്തകാര്യം ചർച്ചയാക്കേണ്ടെന്ന് പറഞ്ഞു വിലക്കി.

 മഞ്ഞുരുകുമ്പോൾ നടപ്പിലാകും

ആശ്രമാത്ത് ഹെറിറ്റേജ് വാക്ക് പദ്ധതി

ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി