പത്തനാപുരം: ഇന്ധനവില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം ടൗണിൽ കാളവണ്ടി തള്ളി പ്രതിഷേധിച്ചു. ലോക്ക് ഡൗണിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കാൻ അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി വില കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ജനങ്ങളെ വഞ്ചിക്കുന്ന വിലവർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബിജു ടി. ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. സജി ജോൺ കുറ്റിയിൽ, മാങ്കോട് ഷാജഹാൻ, വിനോയ്, ഷാനവാസ് വിളക്കുടി, ശരീഫ് ഷാ, അനിൽ പട്ടാഴി, ശ്രീജിത്ത്, കാസിം, എബ്രഹാം പള്ളി തോപ്പിൽ, രാജീവ്, അനിയൻ കുഞ്ഞ്, ഹക്കീം, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധത്തിനിടെ ചക്രം ചതിച്ചു
വ്യത്യസ്ഥമായ പ്രതിഷേധം ഒടുവിൽ നേതാക്കൾക്കും പ്രവർത്തകർക്കും പൊല്ലാപ്പായി. കാളവണ്ടി യുഗത്തിലേക്ക് തിരികെ പോകേണ്ടി വരുമെന്ന സൂചനയാണ് സമരത്തിലൂടെ സമൂഹത്തിന് നൽകാൻ നേതാക്കൾ ശ്രമിച്ചത്. കാളവണ്ടിയിൽ നേതാക്കളുടെ എണ്ണം വർദ്ധിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്. വണ്ടി അടിതെറ്റി ഒരുവശത്തെ ചക്രം തകരുകയായിരുന്നു. പ്രവർത്തകർ ചാടിയിറങ്ങിയതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. എന്നാൽ വാഹനത്തിലെ തടിയിടിച്ച് ഒരു നേതാവിന്റെ കാല് അൽപ്പം മുറിഞ്ഞു. തുടക്കത്തിൽ ചോര കാണുന്നത് നല്ലതാണെന്നായി തലമൂത്ത നേതാവിന്റെ കമന്റ്. പ്രഖ്യാപിച്ച സമരം തുടക്കത്തിലെ ഉപേക്ഷിക്കുന്നത് നല്ലതല്ലല്ലോ. ഇതോടെ ചക്രം തകർന്ന കാളവണ്ടിയും ചുമന്ന് പ്രവർത്തകർ നഗരംവരെയെത്തി. നേതാവിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള കാളവണ്ടി പിന്നീട് മിനിലോറിയിൽ കയറ്റിയാണ് ഒടുവിൽ വീട്ടിലെത്തിച്ചത്.