പത്തനാപുരം: കാട്ടുമൃഗങ്ങളുടെ ഇഷ്ട ഭക്ഷണമായ മൂട്ടിപ്പഴങ്ങൾ കിഴക്കൻ വനമേഖലയിൽ പാകമായിത്തുടങ്ങി. വേനൽകാലത്ത് പൂവിടുന്ന മൂട്ടിമരം കാലവർഷത്തോടെയാണ് കായ്ക്കുന്നത്. മേയ്, ജൂൺ മാസങ്ങളിലാണ് പഴുത്ത് പാകമാകുന്നത്. ദളങ്ങളില്ലാത്ത പൂക്കൾ ചുവന്നതാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. ഫലത്തിന് നെല്ലിക്കയുടെ വലിപ്പമുണ്ട്.
പഴുക്കുമ്പോൾ ഫലത്തിന്റെ നിറം കടുംചുവപ്പാണ്. മലയണ്ണാൻ, കരടി, കുരങ്ങ്, ആന, കാട്ടുപോത്ത്, പന്നി തുടങ്ങിയ മൃഗങ്ങളാണ് കൂടുതലായി മൂട്ടിപ്പഴം തേടിയെത്തുന്നത്. മരത്തിന്റെ ചുവട്ടിൽ കായ്ക്കുന്നതിനാലാണ് മൂട്ടിപ്പഴം എന്ന പേര് വീണതെന്ന് പറയുന്നു. പശ്ചിമഘട്ടമലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിപ്പഴം അടുത്തകാലത്താണ് മനുഷ്യരുടെ ഇഷ്ടവിഭവമായത്. ഇതോടെ മൂട്ടിപ്പഴങ്ങൾക്കായി നിരവധിയാളുകളാണ് കാടുകയറുന്നത്.
കേരളത്തിലെ വനമേഖലകളിൽ അപൂർവമായി കാണുന്ന പഴവർഗമാണിത്. മൂട്ടിപ്പുളി, മൂട്ടികായ്പൻ, കുന്തപ്പഴം എന്നീ പേരുകളിലാണ് പ്രാദേശികമായി അറിയപ്പെടുന്നത്. മരത്തിന്റെ തായ്ത്തടിയിൽ മാത്രമാണ് കായ്കൾ ഉണ്ടാകുക. ഒരു കാലത്ത് ആദിവാസികൾ മാത്രം ഉപയോഗിച്ചിരുന്ന ഫലം സാധാരണക്കാർക്ക് ലഭിച്ചുതുടങ്ങിയിട്ട് എറെക്കാലമായിട്ടില്ല. കട്ടിയുള്ള പുറം തൊലിയും വിത്തിന് ചുറ്റുമുള്ള മാംസളമായ ഭാഗവുമാണ് ഉള്ളത്. തോട് അച്ചാർ ഇടാനും ഉപയോഗിക്കുന്നുണ്ട്.
പശ്ചിമഘട്ടത്തിലെ ഫലവൃക്ഷം
പശ്ചിമഘട്ടത്തിലെ തനത് സ്പീഷ്യസിൽപെട്ട ഫലവൃക്ഷമാണ് മൂട്ടിമരം. ബക്കൗറിയ കോറിട്ടിലെൻസിസ് എന്ന ശാസ്ത്രീയനാമത്തിലാണ് അറിയപ്പെടുന്നത്. ഉദര സംബദ്ധമായ വിവിധ രോഗങ്ങൾക്ക് ഗുണകരമാണെന്ന് പഴമക്കാർ പറയുന്നു. ജലാംശം കൂടുതലുള്ളതിനാൽ വിറ്റാമിൻ, പ്രോട്ടീൻ എന്നിവ കൂടുതലായുണ്ട്.
നിത്യഹരിതവനങ്ങളിൽ മാത്രമാണ് മൂട്ടിമരം കാണാറുള്ളത്. വനമേഖലയിലെ അപൂർവം ചില വീടുകളിലും മൂട്ടിമരങ്ങളുണ്ട്. ഉൾക്കാടുകളിൽ ധാരാളം മൂട്ടി മരങ്ങൾ ഉള്ളതായി വനവാസികൾ പറയുന്നു.