ldf
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ മണ്ഡലം കൺവീനർ ആർ. സോമൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

ഓച്ചിറ: ഗ്രാമ പഞ്ചായത്ത് ഭരണസമിതി അഴിമതിയിലാണെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം കൺവീനർ ആർ. സോമൻ പിള്ള ധർണ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കിച്ചണിലേക്ക് രസീത് നൽകാതെ പണപ്പിരിവ് നടത്തി, ടൗണിലെ കെട്ടിടങ്ങൾക്ക് അനധികൃത പെർമിറ്റ് നൽകി, തെരുവുവിളക്ക് കത്തുന്നില്ല, വികസന മുരടിപ്പ് തുടങ്ങിയവ ഉന്നയിച്ചായിരുന്നു ധർണ. സി.പി.എം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് നാറാണത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കൺവീനർ എസ്. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. അഡ്വ. എൻ. അനിൽകുമാർ. അബ്ദുൾ ഖാദർ, കെ. നൗഷാദ്, ശ്രീധരൻ പിള്ള, കബീർ, ഷാജിലാൽ, നിധിൻ രാജ്, ഷെറിൻ തുടങ്ങിയവർ സംസാരിച്ചു.

രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി.എഫ്

ഓച്ചിറ: മുപ്പത് വർഷത്തെ ഭരണം കൊണ്ട് ഓച്ചിറ ഗ്രാമ പഞ്ചായത്തിനെ വികസനമുരടിപ്പിൽ എത്തിച്ച എൽ.ഡി.എഫ് നാലര വർഷം മുമ്പ് അധികാരത്തിൽ വന്ന യു.ഡി.എഫ് ഭരണസമിതിക്കെതിരെ കള്ളപ്രചാരണവുമായി മുന്നോട്ട് വരുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരിച്ചുപോയ വാടകക്കെട്ടിട ഉടമയുടെ വ്യാജരേഖകൾ ഉപയോഗിച്ച് ലൈസൻസ് എടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിപക്ഷാംഗമായ രാധാകൃഷ്ണനെതിരെ പഞ്ചായത്തുതല സമിതി രൂപീകരിച്ച് അന്വേഷണം നടന്നുവരുകയാണ്. കമ്മൂണിറ്റി കിച്ചനെ ജില്ലാ കളക്ടർ പ്രശംസിച്ചപ്പോൾ അതിന്റെ പ്രവർത്തനത്തിൽ പങ്കെടുക്കാതെ മാറി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് ആരോപണവുമായി സി.പി.എം മുന്നോട്ട് വരുന്നതെന്നും യു.ഡി.എഫ് നേതാക്കളായ ആർ. രാജേഷ് കുമാർ, എം.എസ്. ഷൗക്കത്ത്, ഓച്ചിറ താഹ, അയ്യാണിക്കൽ മജീദ്, ബി.എസ്.വിനോദ്, ഇ. ലത്തീഫാ ബീവി, മഹിളാമണി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഓച്ചിറ: മഠത്തിൽക്കാരാണ്മ ഏഴാംവാർഡിൽ നിർമ്മിച്ച വലിയമഠത്തിൽ - ഒഴുക്കുപാട്ടുതറ ഓടയിലെയും ചേനാട്ടുശ്ശേരി പാടശേഖരത്തിലെയും മണ്ണ് ഗ്രാമ പഞ്ചായത്തംഗംത്തിന്റെ നേതൃത്വത്തിൽ ഭൂമാഫിയ കടത്തിക്കൊണ്ടുപോയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിസന്റ് ജയ് ഹരി കയ്യാലത്തറ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്. വിനോദ്, ബി. സെവന്തി കുമാരി, കെ.വി. വിഷ്ണു ദേവ്, തേജസ് പ്രകാശ്, മുഹമ്മദ് റഫീഖ്, വിപിൻരാജ്, ഷമീർ, കെ.എം.കെ. സത്താർ, കെ. ശോഭകുമാർ, കയ്യാലത്തറ ഹരിദാസ്, ശ്രീകുമാരി, ദിലീപ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.