raju
പുനലൂരിലെ കോർട്ട് കോംപ്ലക്സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി കെ.രാജു എത്തിയപ്പോൾ. പുനലൂർ നഗരസഭാ ചെയർമാൻ കെ.എ. ലത്തീഫ്, മുൻ ചെയർമാൻ കെ. രാജശേഖരൻ തുടങ്ങിയവർ സമീപം

പുനലൂർ: ആധുനിക സൗകര്യങ്ങളോടെ പുനലൂരിൽ നിർമ്മാണം പുരോഗമിക്കുന്ന കോർട്ട് കോംപ്ളക്സ് ആഗസ്റ്റിൽ നാടിന് സമർപ്പിക്കുമെന്ന് സ്ഥലം എം.എൽ.എ മന്ത്രി കെ. രാജു അറിയിച്ചു. നിർമ്മാണ ജോലികൾ നേരിൽ കണ്ടു വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. നഗരസഭ ചെയർമാർ കെ.എ. ലത്തീഫ്, ഉപാദ്ധ്യക്ഷ സുശീല രാധാകൃഷ്ണൻ, മുൻ ചെയർമാൻ കെ. രാജശേഖരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

14 കോടി രൂപ ചെലവഴിച്ചാണ് അഞ്ച് നിലയുള്ള കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. പുനലൂർ പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കോടതികൾ ഒരു കുടക്കീഴിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനലൂരിലെ ചെമ്മന്തൂരിൽ കോർട്ട് കോംപ്ളക്സ് നിർമ്മാണം ആരംഭിച്ചത്. പുനലൂർ സബ് കോടതി, വനം കോടതി, എം.എ.സി.ടി, മുനിസിഫ്, ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതികൾ ഉൾപ്പെടെ ഏഴ് കോടതികൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കും.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് സമുച്ചയത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചത്. ഇത് ഉപയോഗിച്ച് രണ്ട് നിലകളുള്ള മന്ദിരം നിർമ്മിച്ച് കോൺക്രീറ്റ് ജോലികൾ പൂ‌ർത്തിയാക്കിയിരുന്നു. എന്നാൽ തുടർന്ന് വന്ന സർക്കാർ മന്ദിരത്തിനായി പണം അനുവദിക്കാതിരുന്നതിനാൽ ആറ് വർഷത്തോളം നിർമ്മാണം മുടങ്ങിക്കിടക്കുകയായിരുന്നു. ഈ സർക്കാരിന്റെ കാലത്താണ് വീണ്ടും 11കോടി രൂപകൂടി അനുവദിച്ച് നിർമ്മാണം പുനരാരംഭിച്ചത്.

സൗകര്യങ്ങൾ ഇങ്ങനെയൊക്കെ

01. ആധുനിക സൗകര്യങ്ങളോടെയുള്ള കോർട്ട്

02. ജഡ്ജിമാർക്ക് വിശ്രമ മുറികൾ

03. ആധുനിക ഓഫീസ് മുറികൾ

04. അഭിഭാഷകർക്ക് വിശ്രമ മുറികൾ

05. തൊണ്ടി സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറികൾ

06. കോൺഫറസ് ഹാൾ

07. ലിഫ്റ്റ്, കാർ പാർക്കിംഗ് ഏരിയ ,പൂന്തോട്ടം

08.പഴയ റോഡും എട്ടുമീറ്റർ വീതിയിൽ നവീകരിക്കും

......................................................

കെട്ടിട സമുച്ചയത്തോട് ചേർന്ന് കിടക്കുന്ന കല്ലട ഇറിഗേഷന്റെ ഭൂമികൂടി നിർമ്മാണത്തിനായി വിട്ടുനൽകും. ഇറിഗേഷൻ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഭൂമി വിട്ടുനൽകാൻ ധാരണയായത്. ഇവിടെ ജഡ്ജിമാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

മന്ത്രി കെ. രാജു

നിർമ്മിക്കുന്നത്: 5 നില കെട്ടിടം

ചെലവ്: 11 കോടി രൂപ

ആദ്യം അനുവദിച്ചത്: 3 കോടി രൂപ

നിർമ്മിച്ചത്: 2 നില കെട്ടിടം

പിന്നീട് അനുവദിച്ചത്: 11 കോടി രൂപ