nk
കൊല്ലം ചിന്നക്കടയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ ഉപവാസ സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

 എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉപവസിച്ചു

കൊല്ലം: പിണറായി സർക്കാർ ദുരന്തങ്ങളെ അഴിമതിക്ക് മറയാക്കിയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പ്രിംഗ്ലർ, ബവ്ക്യൂ, മണൽകൊള്ള എന്നിവയിൽ നടത്തിയ അഴിമതി കൊവിഡിനെ മറയാക്കിയാണ്. ഇവയെല്ലാം കൈയോടെ പിടികൂടാൻ പ്രതിപക്ഷത്തിന് സാധിച്ചു. വൈദ്യുതി ബിൽ വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ചത് മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിൽ പ്രവാസിവിരുദ്ധ സമീപനത്തിൽ നിന്ന് സർക്കാരിന് പിന്മാറേണ്ടിവരുമെന്നും രാജശേഖരൻ പറഞ്ഞു.


കേന്ദ്രം അടിയന്തരമായി ഇടപെടണം: എൻ.കെ. പ്രേമചന്ദ്രൻ


പ്രവാസികൾക്ക് കേരളത്തിലെത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഇതര സംസ്ഥാനക്കാരായ പ്രവാസികൾക്ക് നാട്ടിലെത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നിരിക്കെ കേരളത്തിലെത്തുന്ന പ്രവാസികൾക്ക് മാത്രം കടുത്ത നിബന്ധനകൾ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധവും വിവേചനപരവുമാണ്. വിദേശത്ത് നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രാജ്യത്തിന് പൊതുവായൊരു നയം സ്വീകരിച്ച കേന്ദ്ര സർക്കാർ കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധനയം തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷനായി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, എ. യൂനുസ് കുഞ്ഞ്, കെ.എസ്. വേണുഗോപാൽ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, എം. അൻസറുദ്ദീൻ, വി. റാം മോഹൻ, കല്ലട ഫ്രാൻസിസ്, സി.എസ്. മോഹൻകുമാർ, അസനാരുകുഞ്ഞ്, എ.ഷാനവാസ് ഖാൻ, ബി. രാജേന്ദ്രപ്രസാദ്, സി.ആർ. മഹേഷ്, ഡോ. പ്രതാപവർമ്മ തമ്പാൻ, പ്രതാപചന്ദ്രൻ, ടി.സി. വിജയൻ, ടി.കെ. സുൽഫി, ഇക്ബാൽകുട്ടി എന്നിവർ സംസാരിച്ചു.