ജില്ലാതല വായനാപക്ഷാചരണം ഉദ്ഘാടനം
കൊല്ലം: എന്ത് വായിക്കണം എന്നതിനേക്കാൾ എങ്ങനെ വായിക്കണം എന്നതിന് പ്രാധാന്യം നൽകണമെന്ന് കെ. സോമപ്രസാദ് എം.പി അഭിപ്രായപ്പെട്ടു. പുസ്തകം എഴുതപ്പെട്ട കാലത്തിന്റെ ചരിത്രം, സാമൂഹ്യ പശ്ചാത്തലം എന്നിവ കൂടി ഉൾക്കൊണ്ട വായനാരീതി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ജില്ലാതല വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനയുടെ പ്രാധാന്യം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇങ്ങനെയുള്ള അവസരങ്ങൾ വിനിയോഗിക്കണമെന്നും എം. പി പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ഓൺലൈൻ വായനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും എം. പി നിർവഹിച്ചു.
പി. എൻ പണിക്കരുടെ ജീവിതം തന്നെ ഒരു പാഠപുസ്തകത്തിന് സമാനമാണെന്ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ സമാപനം ജൂലായ് 7ന് ഐ.വി ദാസ് അനുസ്മരണത്തോടെ താലൂക്ക് കേന്ദ്രങ്ങളിൽ നടക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം എസ്. നാസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആർ. കിരൺ റാം, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എം. ജയചന്ദ്രൻ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. കെ പ്രദീപ് കുമാർ, സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച് ജനറൽ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.എസ്.ഷാജി, നവോദയം ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്‌കർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ഓൺലൈൻ പരിപാടിയിൽ പി.എൻ. പണിക്കരുടെ മകൻ എൻ. ബാലഗോപാൽ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.