chathannuuuuur
തഹൽസീദാരുടെ നേതൃത്വത്തിൽ ക്വാറൻ്റീൻ കേന്ദ്രം പരിശോധിക്കുന്നു

ചാത്തന്നൂർ: ക്വാറന്റൈൻ കേന്ദ്രം സജ്ജമാക്കി നൽകാൻ ആവശ്യപ്പെട്ടിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ തയ്യാറാകാഞ്ഞതിനെ തുടർന്ന് തഹസിൽദാറും കൂട്ടരുമെത്തി മുറികളൊരുക്കിയത് വാക്കേറ്റത്തിന് കാരണമായി. ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷനിലെ റോയൽ ആശുപത്രിയിൽ ക്വാറന്റൈൻ കേന്ദ്രത്തിനായി ഒഴിഞ്ഞ് കിടക്കുന്ന മുറികൾ ശുചിയാക്കി നൽകാനാണ് തഹൽസീൽദാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്കെത്തുന്ന മലയാളികൾക്കായി സൗജന്യ ക്വാറന്റൈൻ കേന്ദ്രമായി ഏറ്റെടുത്ത റോയൽ ആശുപത്രിയിൽ മുപ്പത് മുറികളോളം ഉണ്ട്. ഇതിൽ 15 എണ്ണം മാത്രമാണ് നിലവിൽ ഗ്രാമ പഞ്ചായത്ത് സ‌ജ്ജമാക്കി നൽകിയത്. വെള്ളിയാഴ്ച രാവിലെയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് റോയലിലെ മറ്റ് മുറികൾ കൂടി ശുചീകരിച്ച് ക്വാറന്റൈൻ കേന്ദ്രത്തിനായി ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് മുറികൾ കൂടി മാത്രം ഒരുക്കുകയും മറ്റുള്ളവ ഒരുക്കുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയിക്കുകയും ചെയ്തതിനെ തുടർന്ന് തഹസീൽദാറും മറ്റ് ഉദ്യോഗസ്ഥരും വൈകിട്ട് മൂന്നരയോടെ നേരിട്ട് സ്ഥലത്ത് എത്തുകയായിരുന്നു.

ഇതേതുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും എത്തുകയും മുറികൾ ശുചീകരണത്തിനായി ഒരുക്കിയ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തഹസീൽദാർമാരായ ബി.പി. അനി, ജാസ്മിൻ ജോർജ്, ഹെഡ് ക്വാട്ടേഴ്സ് തഹസീൽദാർ സി. ദേവരാജൻ, ഡെപ്യൂട്ടി തഹസീൽദാർമാരായ ബൈജു സുധാകർ, വിനോദ്, സുരേഷ് ബാബു, ചിറക്കര വില്ലേജ് ഓഫീസർ ജ്യോതിഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം റോയൽ ആശുപത്രിയിൽ 11 മുറികൾ കൂടി കണ്ടെത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മൂന്നാം നിലയിൽ വെള്ളം എത്തിക്കുന്നതിനുളള തടസം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ച് പ്രശ്നം പരിഹരിക്കാനും നിർദ്ദേശിക്കുകയായിരുന്നു

 തഹസീൽദാറുടെ നടപടി അപലപനീയം

റോയൽ ആശുപത്രിയിൽ ഉപയോഗ യോഗ്യമല്ലാതെ കിടക്കുന്ന പത്തോളം മുറികൾ ശുചീകരിക്കണമെന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഗ്രാമ പഞ്ചായത്തിൽ തഹസീൽദാറുടെ അറിയിപ്പ് ലഭിച്ചത്. ഇതേ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ തഹസീൽദാരും സംഘവുമെത്തി ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഇത് അറിഞ്ഞെത്തിയ ഗ്രാമ പ‌ഞ്ചായത്ത് അംഗങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് തഹസീൽദാറും കൂട്ടരും സ്വീകരിച്ചത്. ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കി പരിപാലിക്കുന്ന ഗ്രാമ പഞ്ചായത്തിനോടുള്ള തഹസീൽദാറുടെ പ്രവൃത്തി ഖേദകരമാണെന്ന് പ്രസിഡന്റ് പറഞ്ഞു.

(നിർമ്മല വർഗീസ്, പ്രസിഡന്റ്, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്)