കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മഹിളാസംഘം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. നഴ്സുമാർക്ക് 14 ദിവസം ഡ്യൂട്ടിയും 7 ദിവസം ഓഫും നൽകുക, സൗജന്യ കൊവിഡ് ടെസ്റ്റും ചികിത്സയും ലഭ്യമാക്കുക, കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് താമസസൗകര്യവും ഭക്ഷണവും നൽകുക, അധികജോലിക്ക് അധിക വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഐക്യദാർഢ്യ സദസ്.
ജില്ലാ സെക്രട്ടറി വിജയമ്മാലാലി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഗേളി ഷണ്മുഖൻ, ആശുപത്രി സൂപ്രണ്ട് തോമസ് അൽഫോൻസ്, നേഴ്‌സിംഗ് സൂപ്രണ്ട് മേഴ്‌സി, സരസ്വതി അമ്മ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, വസുമതി രാധാകൃഷ്ണൻ, കൗൺസിലർ സക്കീനാ സലാം, ലതിക സച്ചിദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.