chinnakkada

 അശ്രദ്ധയുടെ അരികിലുണ്ട് സാമൂഹിക വ്യാപനം

കൊല്ലം: ചെറിയ അശ്രദ്ധ പോലും കൊവിഡിന്റെ സാമൂഹിക വ്യാപനത്തിന് വഴിയൊരുക്കുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകൾക്കിടയിലും പൊതു ഇടങ്ങളിൽ പതിവായി ജനക്കൂട്ടമേറുന്നു. മഹാമാരി ഒഴിഞ്ഞുപോയെന്ന തരത്തിലാണ് മിക്കവരുടെയും പെരുമാറ്റം. കരുതലില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ജനക്കൂട്ടം അവഗണിക്കുകയാണ്.

സർക്കാർ സംവിധാനങ്ങൾ കൊവിഡ് നിയന്ത്രണത്തിനായി നടപ്പാക്കുന്ന എല്ലാ പ്രതിരോധങ്ങളെയും നിരത്തിലെ അനാവശ്യ ജനക്കൂട്ടം ഇല്ലാതാക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ സാദ്ധ്യതകൾ ഒഴിവാക്കാൻ വിദ്യാലയങ്ങൾ അടച്ചിട്ട് ഓൺലൈൈൻ ക്ലാസുകൾ നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ വീടിന് പുറത്ത് ഇറക്കാതിരിക്കാൻ സ്കൂളുകൾ അടച്ചിട്ട സർക്കാരിനെ അപഹസിക്കുന്ന തരത്തിൽ കൊച്ചുകുട്ടികളുമായി വ്യാപാര കേന്ദ്രങ്ങൾ കയറിയിറങ്ങുകയാണ് രക്ഷിതാക്കളിൽ ചിലർ.

പത്ത് വയസിൽ താഴെയുള്ള കുട്ടികളെ വീടിന് പുറത്തിറക്കരുതെന്ന സർക്കാർ നിർദേശത്തിന് പുല്ലുവില പോലും ഇത്തരക്കാർ നൽകുന്നില്ല. പ്രതിരോധങ്ങൾ അട്ടിമറിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. ഇന്നലെ ജില്ലയിലെ ഏതാണ്ടെല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും പൊലീസ് ജാഗ്രതാ മുന്നറിയിപ്പുമായി മൈക്ക് അനൗൺസ്‌മെന്റ് നടത്തി. നിയന്ത്രണങ്ങൾ അവഗണിക്കുന്നവർക്കെതിരെ നിയമ നടപടി വേണ്ടിവരുമെന്ന് ഓരോ വീട്ടുപടിക്കലുമെത്തി ഓർ‌മ്മിപ്പിക്കുകയാണ് പൊലീസ്.

രോഗികൾ കൂടിയാൽ ചികിത്സ കുറയും

പാരിപ്പള്ളി മെഡിക്കൽ കോളേജും കൊല്ലം ജില്ലാ ആശുപത്രിയുമാണ് കൊവിഡ് ആശുപത്രികളായി മാറ്റിയത്. സാമൂഹിക അകലം പാലിക്കാത്ത ജനങ്ങളുടെ ഇടപെടൽ രോഗവ്യാപനത്തിന് ഇടവരുത്തിയാൽ എല്ലാവർക്കും മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ജില്ലയിൽ ലഭ്യമായെന്ന് വരില്ല. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 134 പേരാണ് ചികിത്സയിൽ കഴിയുന്നത്. പരിധിക്കപ്പുറത്തേക്ക് ഒരേ സമയം രോഗികളുടെ എണ്ണം ഉയർന്നാൽ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉൾപ്പെടെ വലിയൊരു വിഭാഗം രോഗ നിഴലിലാകും. കേരളത്തിന് പുറത്തുള്ള പല നഗരങ്ങളിലും സംഭവിച്ചത് പോലെയുള്ള സമൂഹിക വ്യാപന സാദ്ധ്യതകളിലേക്ക് നാടിന് കൊണ്ടുചെന്ന് എത്തിക്കാതിരിക്കാൻ സാമൂഹിക അകലം അനിവാര്യമാണ്.

കൂടെയുണ്ടാകണം കരുതൽ

1. അനാവശ്യ യാത്രകൾ പൂർണമായി ഒഴിവാക്കണം. വീട്ടിലേക്ക് ആവശ്യമുള്ളത് പരമാവധി ഒരുമിച്ച് വാങ്ങുക

2. പത്ത് വയസിൽ താഴെയുള്ള കുട്ടികളെ ഒരുസാഹചര്യത്തിലും പുറത്ത് കൊണ്ടുപോകരുത്

3. പുറത്തുപോയി വന്നാൽ കുളിക്കാതെ കുടുംബാംഗങ്ങളുമായി ഇടപഴകരുത്. വസ്ത്രങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കിയെടുക്കണം

4. കൈയിൽ സാനിറൈസർ കരുതുക. പറ്റുമ്പോഴെല്ലാം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം

5. ജനക്കൂട്ടത്തിനൊപ്പം നിൽക്കരുത്. മറ്റുള്ളവരുമായി പരമാവധി അകന്ന് നിൽക്കുക

6. ജോലിക്ക് പോകുമ്പോൾ ഭക്ഷണവും വെള്ളവും കരുതണം

7. കുട്ടികളെയും കൂട്ടി വ്യാപാര കേന്ദ്രങ്ങൾ കയറിയിറങ്ങി ഷോപ്പിംഗ് നടത്തരുത്

8. വീട്ടിൽ കുട്ടികൾ, പ്രായമായവർ, ജീവിതശൈലീ രോഗമുള്ളവർ, ഗുരുത രോഗങ്ങള്ളുള്ളവർ എന്നിവരുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ വേണം

9. കുഞ്ഞുങ്ങൾ, ഗർഭിണികൾ എന്നിവരെ കാണാൻ വേണ്ടി ആശുപത്രിയിലും വീട്ടിലുമുള്ള സന്ദർശനം ഒഴിവാക്കുക

''

കൃത്യമായ സാമൂഹിക അകലവും ജാഗ്രതയും പാലിച്ചേ മതിയാകൂ. അല്ലാത്തവർക്കെതിരെ കർശന നിയമ നടപടികൾ വേണ്ടി വരും.

ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ