ശരി പക്ഷത്തുള്ള ചെയ്തികളാൽ കൊല്ലത്തെ കളക്ടർ ബ്രോയെ എല്ലാവർക്കും ഇഷ്ടമാണ്. ഒടുവിലിതാ കൃത്യനിർവഹണത്തിലെ വീഴ്ച കാരണം പിറവന്തൂർ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. നന്നായി. എല്ലാം ശരിക്കുവേണ്ടിയല്ലേ.
പക്ഷേ കളക്ടർ കാണാത്ത ഒത്തിരി കാര്യങ്ങൾ ജില്ലയിൽ നടക്കുന്നുണ്ട്. ഇക്കണക്കിന് പോയാൽ കൊവിഡിനെ പിടിച്ചുകെട്ടാൻ അങ്ങേയ്ക്ക് കഴിയാതെ വരും. പിറവന്തൂരിലെ പഞ്ചായത്ത് സെക്രട്ടറിയെ മാത്രമല്ല ജില്ലയിലെ എല്ലാ തഹസീൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രവൃത്തികളും പരിശോധിക്കുന്നത് നന്നായിരിക്കും.
ജില്ലയിൽ സാമൂഹിക അകലം പാലിക്കൽ എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. അതുറപ്പാക്കാൻ നിയോഗിക്കപ്പെട്ടവരെല്ലാം അതൊന്നും ഗൗനിക്കുന്നതേയില്ല. എല്ലായിടത്തും തോന്നിയ പടിയാണ്. കൊവിഡ് രോഗികളുടെ എണ്ണം കൊണ്ട് സംസ്ഥാനത്ത് ഒന്നാമതെത്താൻ ജില്ലയിപ്പോൾ മത്സരിക്കുന്നു. രോഗികളുടെ എണ്ണം 134 കഴിഞ്ഞു.
ഇപ്പോഴത്തെ നാട്ടിലെ സ്ഥിതി കളക്ടർ ബ്രോയ്ക്ക് കേൾക്കണോ: പലേടത്തുനിന്നും സാനിറ്റൈസർ അപ്രത്യക്ഷമായി. കൈകഴുകാൻ സൗകര്യങ്ങൾ ഇല്ലെന്നുതന്നെ പറയാം. വെള്ളവും സോപ്പും കാണാനില്ല. എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്, മൂക്കിന് താഴെ. സർക്കാർ ഓഫീസുകളിൽ ഭൂരിഭാഗവും കൈകഴുകൽ മതിയാക്കിയ മട്ടാണ്. ഓഫീസുകളിൽ സാമൂഹിക അകലം ആരും പാലിക്കുന്നില്ല.
റോഡിലെ കാഴ്ചകൾ ദാ ഇങ്ങനെ: ജില്ലയിൽ പലേടത്തും കടകളിൽ ഓഫർ വിൽപ്പനയാണ്. വിലക്കുറവും ഫ്രീയും കണ്ടാൽ പിന്നെ നമ്മൾ വിട്ടുപോകില്ലല്ലോ. ഇന്നലെ ശാസ്താംകോട്ടയ്ക്കടുത്ത് ഒരു പച്ചക്കറി കടയിൽ 30 രൂപയ്ക്ക് പച്ചക്കറി കിറ്റ് നൽകി. നല്ലതുതന്നെ, പക്ഷേ ജനം ഉത്സവത്തിന് പോയപോലെ ഇടിച്ചു കയറുന്നത് കണ്ടാൽ മൂക്കത്ത് വിരൽ വച്ചുപോകും. കൊവിഡ് നാട്ടിലെങ്ങും വന്നിട്ടേയില്ലെന്ന ധാരണയിലാണ് ജനം തിരക്ക് കൂട്ടിയത്. തഹസീൽദാരും വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയുമെക്കെ എവിടെയായിരുന്നുവെന്ന് കളക്ടർ അന്വേഷിക്കുന്നത് നന്നായിരിക്കും.
മൂന്നുനേരവും വീഡിയോ കോൺഫറൻസും നിർദേശങ്ങളും നൽകി കളക്ടർ പാഞ്ഞുനടക്കുന്നത് കൊണ്ട് വല്ല ഫലവുമുണ്ടോ. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയല്ലേ, കളക്ടർ ഇടയ്‌ക്കൊക്കെയൊന്ന് മിന്നൽ സന്ദർശനം നടത്തുന്നത് നന്നായിരിക്കും. അല്ലെങ്കിൽ നമ്മുടെ നാട് പകച്ചുനിൽക്കേണ്ടിവരും. ഉദ്യോഗസ്ഥരെ വീണ്ടും ഉണർത്തേണ്ടതുണ്ട്. ഉറക്കം നടിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടുപിടിക്കേണ്ടതുമുണ്ട്. സർക്കാരിനെ മോശമാക്കാൻ ശ്രമങ്ങളുണ്ടാവാം. പക്ഷേ അതിന് മഹാമാരിയെ മുന്നിൽ നിറുത്തിയല്ല കളിക്കേണ്ടത്. കളക്ടർ, അങ്ങ് കണ്ണ് തുറന്ന് കണ്ടില്ലെങ്കിൽ പഴി ഒടുവിൽ അങ്ങേയ്ക്കായിരിക്കും.