bus-stop

കൊല്ലം: അന്യദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ ഗൃഹനിരീക്ഷണത്തിൽ സർക്കാർ വകുപ്പുകൾ പുലർത്തിയിരുന്ന കാർക്കശ്യം അയഞ്ഞതോടെ കൊവിഡ് പ്രതിരോധം പാളുന്നു. ആളെത്തുന്നത് പോലും സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും അറിയുന്നില്ല.

കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തിൽ ആരോഗ്യം, റവന്യൂ, തദ്ദേശം, പൊലീസ് എന്നീ സർക്കാർ വകുപ്പുകൾ ഒരുമിച്ചാണ് മുന്നോട്ടുപോയത്. ഒരാൾ അതിർത്തി കടക്കാനുള്ള പാസിനായി അപേക്ഷിക്കുമ്പോൾ തന്നെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനങ്ങളുണ്ടോയെന്ന് പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ അന്വേഷിക്കുമായിരുന്നു. വീട്ടിലെത്തിയ ശേഷം ഗൃഹനിരീക്ഷണം ലംഘിക്കുന്നുണ്ടോയെന്ന് പൊലീസും ആരോഗ്യ വകുപ്പും നിരന്തരം നിരക്ഷിച്ചിരുന്നു. പക്ഷെ ഇതെല്ലാം പഴങ്കഥയായിരിക്കുകയാണ്.

കർണാടകയിൽ നിന്ന് മടങ്ങിയെത്തിയ മദ്ധ്യവയസ്കൻ കടപ്പാക്കടയിൽ കറങ്ങിനടന്ന് സുഹൃത്തുക്കളുമായി സംഘം ചേർന്ന് മദ്യപിച്ചതും കൊല്ലം മുണ്ടയ്ക്കലിൽ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറത്ത് നിന്നെത്തിയ യുവാവ് ഗൃഹനിരീക്ഷണത്തിൽ കഴിയാതെ ജോലിക്ക് പോയതും ഇതിന്റെ തെളിവാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ക്വാറന്റൈനിൽ കഴിയാതെ കറങ്ങിനടക്കുന്ന വിവരം പ്രദേശവാസികൾ അറിയിച്ചാലും പൊലീസും ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളും തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. ഗൃഹനിരീക്ഷണത്തിൽ കഴിയാത്തവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഓരോ പ്രദേശത്തും വലിയ ഭിതി പടർത്തുകയാണ്. ഒടുവിൽ ആ പ്രദേശമൊന്നാകെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജനജീവിതവും വഴിമുട്ടുന്നു.