കരുനാഗപ്പള്ളി: ചവറ കെ.എം.എം.എൽ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള റെയിൽപ്പാത പ്രദേശവാസികളിൽ ചിലർ കൈയ്യേറുന്നു. നാല് പതിറ്റാണ്ടിന് മുമ്പാണ് കമ്പനിയുടെ പ്രവർത്തനത്തിന് ആവശ്യമായ കൽക്കരി കൊണ്ട് വരുന്നതിന് വേണ്ടി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫാക്ടറിയിലേക്ക് റെയിൽപ്പാത നിർമ്മിച്ചത്. 14 മീറ്റർ വീതിയിലാണ് പാതക്ക് വേണ്ടി സ്ഥലം അക്വയർ ചെയ്തത്. 8 കിലോമീറ്ററാണ് പാതയുടെ നീളം. 44 ഏക്കർ സ്ഥലമാണ് പാതയുടെ നിർമ്മാണത്തിനായി കമ്പനി ഏറ്റെടുത്തത്. ആദ്യത്തെ മൂന്ന് വർഷം മാത്രമാണ് റെയിൽപ്പാത കമ്പനി ആവശ്യത്തിനായി ഉപയോഗിച്ചത്. കന്നേറ്റി കായലിന് സമാന്തരമായി പോകുന്ന റെയിൽപ്പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് യാത്ര ചെയ്യാനുള്ള ഏക മാർഗവും ഇതുതന്നെ. റെയിൽപ്പാതയുടെ കിഴക്ക് വശത്തുകൂടി പലയിടങ്ങളിലും കമ്പനിയുടെ അനുവാദത്തോടെ റോഡ് നിർമ്മിച്ചിട്ടുണ്ട്. ശ്രീനാരായണ ട്രോഫി ജലോത്സവം നടത്തുന്ന ശ്രീനാരായണഗുരു പവലിയന് സമീപത്തുകൂടിയാണ് റോഡ് കടന്ന് പോകേണ്ടത്.
8 കിലോമീറ്ററാണ് റെയിൽവേ പാതയുടെ നീളം
44 ഏക്കർ സ്ഥലമാണ് പാതയുടെ നിർമ്മാണത്തിനായി കമ്പനി ഏറ്റെടുത്തത്
3 വർഷം മാത്രമാണ് റെയിൽപ്പാത കമ്പനി ആവശ്യത്തിനായി ഉപയോഗിച്ചത്
കൈയ്യേറ്റത്തിന്റെ തുടക്കം ഇങ്ങനെ....
കമ്പനിയിൽ ദ്രവ ഇന്ധനം ഉപയോഗിച്ച് തുടങ്ങിയതോടെ കൽക്കരിയുടെ ഉപയോഗം നിൽക്കുകയും റെയിൽപ്പാത അന്യാധീനപ്പെടുകയും ചെയ്തു. ഇതോടെ റെയിൽപ്പാത ചെറിയ പുൽക്കാടുകളാൽ മൂടപ്പെട്ടു. കാലപ്പഴക്കത്തിൽ റെയിൽപ്പാതയുടെ നിർമ്മാണത്തിന് ഉപയോഗിച്ച കായൽ മണലും ഗ്രാവലും പ്രദേശവാസികളിൽ പലരും കൊണ്ടുപോയി. ഇതോടെയാണ് പലയിടങ്ങളിലും റെയിൽപ്പാത കൈയേറാൻ തുടങ്ങിയത്.
റോഡും ഓടയും നിർമ്മിക്കണം
കന്നേറ്റി റെയിൽവേ മേൽപ്പാലത്തിന് വടക്ക് വശം മുതൽ കയർ കമ്പനി വരെ റെയിൽപ്പാതയുടെ കിഴക്ക് വശത്തുകൂടി റോഡും ഓടയും നിർമ്മിക്കാൻ ആർ.രാമചന്ദ്രൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. എന്നാൽ കൈയ്യേറ്റം മൂലം ഇവിടെ റോഡും ഓടയും നിർമ്മിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിലുള്ള കൈയ്യേറ്റം ഒഴിപ്പിച്ച് റോഡും ഓടയും നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.