കൊല്ലം: പൊലീസ് സർക്കിൾ ഇൻസ്പെക്ടർമാർ ഇനി മുതൽ ആ പേരിൽ അറിയപ്പെടില്ല. സർക്കിൾ ഇൻസ്‌പെക്ടർ തസ്തിക ഇൻസ്‌പെക്ടർ ഓഫ് പൊലീസ് എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവായി.
നേരത്തെ രണ്ട് മുതൽ നാല് പൊലീസ് സ്റ്റേഷനുകളുടെ വരെ മേൽനോട്ട ചുമതലയുള്ളയാളായിരുന്നു സർക്കിൾ ഇൻസ്‌പെക്ടർ. പ്രിൻസിപ്പൽ എസ്.ഐ മാരായിരുന്നു സ്റ്റേഷനുകളുടെ മേധാവി. ക്രമസമാധാന പരിപാലനവും കേസന്വേഷണവും കാര്യക്ഷമമാക്കാൻ രണ്ടുവർഷം മുൻപാണ് സർക്കിൾ ഇൻസ്പെക്ടർമാരെ സ്റ്റേഷനുകളുടെ മേധാവിമാരാക്കി (സ്റ്റേഷൻ ഹൗസ് ഓഫീസർ) നിയമിച്ച് തുടങ്ങിയത്. ഇപ്പോൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും മേധാവിമാർ പഴയ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. ഇതോടെ സർക്കിൾ ഓഫീസുകൾ ഇല്ലാതായി. പക്ഷെ പൊലീസുകാരും ജനങ്ങളും എസ്.എച്ച്.ഒ മാരെ ഇപ്പോഴും സി.ഐ എന്നാണ് വിളിക്കുന്നത്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന ഡി.ജി.പിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തസ്തികയുടെ പേര് പുനർനാമകരണം ചെയ്തത്.
എസ്.എച്ച്.ഒ സമ്പ്രദായം നിലവിൽ വന്നതോടെ പ്രിൻസിപ്പൽ എസ്.ഐ മാർക്ക് സ്റ്റേഷനിലും ജനങ്ങൾക്കിടയിലും ഉണ്ടായിരുന്ന വീര പരിവേഷം നഷ്ടമായിട്ടുണ്ട്. നേരത്തെ സി.ഐമാർക്ക് അല്പം വിശ്രമത്തിനൊക്കെ സമയം ലഭിക്കുമായിരുന്നു. എസ്.ഐ ആയിരുന്നപ്പോൾ ഉറക്കമില്ലാതെ ജോലി ചെയ്തിരുന്നവർ സ്ഥാനക്കയറ്റം കിട്ടി ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയിട്ടും പഴയ അവസ്ഥയാണ്. സ്റ്റേഷൻ ഹൗസ് ഓഫീസറായതിനാൽ ഉണ്ണാനും ഉറങ്ങാനും സമയമില്ലാതെ പിടിപ്പത് പണിയാണെന്നാണ് അവർ പറയുന്നത്.