പത്തനാപുരം: പത്ത് ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പൂങ്കുളഞ്ഞി പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ കടമ്പനാട് സ്വദേശി റോബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നിക്ഷേപത്തുകയുടെ പലിശ വാങ്ങാനെത്തിയ ചിലർ ഇടപാടുകളിൽ സംശയം തോന്നിയതിനെ തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസിലെത്തി കണക്കുകൾ പരിശോധിച്ചതോടെയാണ് ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ് ഓഫീസ് അധികൃതർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചു. അറുന്നൂറോളം പേരുടെ നിക്ഷേപത്തിൽ ക്രമക്കേടുകൾ നടന്നതായാണ് പ്രാഥമിക വിവരം. ഇവിടെ അക്കൗണ്ടെടുത്ത എല്ലാവരുടെയും പാസ്ബുക്കുകൾ പരിശോധിക്കുന്നുണ്ട്. സേവിംഗ്സ്, ആർ.ഡി ചിട്ടി, സുകന്യ എന്നീ വിഭാഗങ്ങളിലായി നിക്ഷേപിച്ചവരുടെ നിക്ഷേപം അക്കൗണ്ടിലെത്തിയിട്ടില്ല. എന്നാൽ എല്ലാവർക്കും പണം നിക്ഷേപിച്ചതിന്റെ രേഖകൾ നൽകിയിട്ടുണ്ട്.നിക്ഷേപ ഇടപാടുകൾ കുറഞ്ഞ് പോസ്റ്റ് ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന അവസ്ഥ വന്നപ്പോൾ ഓഫീസ് നിലനിറുത്താനായി ആൾക്കാരെക്കൊണ്ട് കൂടുതൽ അക്കൗണ്ട് എടുപ്പിക്കുകയായിരുന്നു. കളക്ഷൻ ബുക്ക് കൂടി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോസ്റ്റ് ഓഫീസ് അധികാരികൾ നിക്ഷേപകരെ അറിയിച്ചു.