പൊലീസ് ജീപ്പ് തകർത്തു, കുരുക്ക് മുറുകി പോത്ത് ചത്തു
കൊല്ലം: ചന്ദനത്തോപ്പിൽ ഇടറിയോടിയ പോത്ത് ഒരു മണിക്കൂറിലേറെ നാടിനെ വിറപ്പിച്ചു. പൊലീസ് ജീപ്പ് തകർത്ത പോത്ത് നിരവധി മറ്റ് വാഹനങ്ങൾക്കും കേടുപാടുണ്ടാക്കി. പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഉൾപ്പെടെ നിരവധി പേർക്കും പരിക്കേറ്റു. വെട്ടാനായി കൊണ്ടുവന്ന പോത്ത് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഇടറിയോടിയത്. നാട്ടുകാർ പോത്തിനെ വളഞ്ഞിട്ട് പിടികൂടിയെങ്കിലും ശരാശരിയിലും വലിപ്പമുണ്ടായിരുന്ന പോത്ത് കെട്ടിയ കയർ പൊട്ടിച്ച് വീണ്ടും ഓടി. വഴിയിലുണ്ടായിരുന്ന ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുത്തി മറിച്ചാണ് ഒരു കിലോമീറ്രറോളം ഓടിയത്. പൊലീസിന്റെ കൺട്രോൾ റൂം വാഹനത്തിന് പോത്തിന്റെ ആക്രമണത്തിൽ ഭാഗികമായി കേടുപാടുണ്ടായി. ബഹളം കേട്ട് ഭയന്ന പോത്ത് ഇടയ്ക്ക് ദേശീയപാതയിലേക്കും കയറി. കുണ്ടറയിൽ നിന്നും കൊല്ലത്ത് നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പോത്തിനെ പിടികൂടാനുള്ള പരിശ്രമങ്ങൾ ഏകോപിപ്പിച്ചത്.
കടപ്പാക്കട ഫയർ സ്റ്റേഷനിലെ ക്വിക് റസ്‌പോൺസ് വാഹനത്തിന്റെ മുകളിൽനിന്ന് വലയും കയറും ഉപയോഗിച്ച് സാഹസികമായാണ് പോത്തിനെ കുരുക്കിയത്. തുടർന്ന് കയർ കൊമ്പിൽ എറിഞ്ഞും കാലുകൾ ബന്ധിച്ചും കീഴ്പ്പെടുത്തുമ്പോൾ ഒരു മണിക്കൂറിലേറെ കഴിഞ്ഞിരുന്നു. കയർ കഴുത്തിൽ മുറുകി പിന്നീട് പോത്ത് ചത്തു. കുണ്ടറ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജോൺസന് കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് - അഗ്നിശമന സേനകളിലെ നിരവധി ഉദ്യോഗസ്ഥർ ഓടിയെത്തിയ പോത്തിന് മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മിക്കവർക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലായി പരിക്കേറ്റു.
കടപ്പാക്കട സ്റ്റേഷൻ ഓഫീസർ ബൈജു, കുണ്ടറ സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാർ
എന്നിവരാണ് അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കുണ്ടറ സ്റ്റേഷനിൽ നിന്ന് വൻ പൊലീസ് സംഘവും എത്തിയിരുന്നു.