uthra

അഞ്ചൽ: ഉത്രകൊലക്കേസിൽ തങ്ങൾക്ക് പങ്കില്ലെന്ന് പ്രതി സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് കഴിഞ്ഞ ദിവസം ഇരുവരേയും ചോദ്യം ചെയ്തത്. തങ്ങളുടെ കുടുംബത്തിൽ ആർക്കും ഉത്രയുടെ കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു രേണുകയും സൂര്യയും നേരത്തെ പൊലീസിനോട് പറഞ്ഞത്.

പ്രതികളായ സൂരജിനെയും ചാവർകോട് സുരേഷിനെയും ചോദ്യം ചെയ്തതിൽ നിന്ന് പൊലീസ് ഇവർക്കെതിരെ ചുമത്തിയ കൊലപാതക കേസിന് പിൻബലമേകുന്ന തെളിവുകൾ ലഭിച്ചതായി ഫോറസ്റ്റ് അധികൃതർ വെളിപ്പെടുത്തി. ഉത്രയെ കടിപ്പിച്ച മൂർഖനെ പാരിപ്പള്ളിയിൽ നിന്ന് കിട്ടിയതാണെന്ന് പൊലീസിനോട് പറഞ്ഞ പ്രതികൾ മൂർഖനെ ആലങ്കോട് നിന്ന് കിട്ടിയെന്നാണ് ഫോറസ്റ്റുകാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഉത്രയെ ആദ്യം കടിച്ച അണലിയെ ടെറസിന് മുകളിൽ നിന്ന് ചാക്കിലാക്കി പുറത്തേക്കെറിഞ്ഞെന്നാണ് സൂരജ് മൊഴി നൽകിയിരുന്നത്. സൂരജിന്റെ വീടിന്റെ നാലരമീറ്റർ ഉയരമുള്ള ടെറസിൽ നിന്ന് താഴേക്കെറിഞ്ഞാൽ പാമ്പിന് ജീവഹാനി സംഭവിക്കില്ലെന്നാണ് ലഭിച്ച വിദഗ്ദ്ധാഭിപ്രായമെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു. പ്രതികളെ ഇന്ന് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുപോകുമെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയ ഡി.എഫ്.ഒ ഷാനവാസ്, റേഞ്ച് ഓഫീസർ ജയൻ എന്നിവർ പറഞ്ഞു.