കൊല്ലം: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വ്യാപാരികൾ ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്ക്ഡൗൺ കാലയളവിലെ വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുതി ചാർജ്ജ് ഒഴിവാക്കുക, അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കുക, കൊവിഡ് കാലത്തെ വൈദ്യുതി മീറ്റർ റീഡിംഗ് അപാകത പരിഹരിക്കുക, കെ.എസ്.ഇ.ബി താരിഫ് ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ബില്ലിംഗ് ശാസ്ത്രീയമായി പരിഷ്കരിക്കുക, ദ്വൈമാസ ബില്ലിംഗ് ബഹിഷ്കരിക്കുക, പ്രതിമാസ ബില്ലിംഗ് നടപ്പിലാക്കുക, ഫിക്സഡ് ചാർജ്ജ് മറ്റ് എക്സ്ട്രാ ചാർജുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ഓലയിൽ
ക്വയിലോൺ മർച്ചന്റ്സ് ചേമ്പർ ഒഫ് കോമേഴ്സ്, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, കൊല്ലം കോർപ്പറേഷൻ മർച്ചന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ഓലയിൽ കെ.എസ്.ഇ.ബി. ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.എസ്. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്. രമേഷ്കുമാർ (ടി.എം.എസ്. മണി) അദ്ധ്യക്ഷത വഹിച്ചു. ചേമ്പർ ജനറൽ സെക്രട്ടറി നേതാജി ബി. രാജ്രേന്ദൻ, ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി ദേവലോകം ഡി. രാജീവൻ, കൊല്ലം കോർപ്പറേഷൻ മർച്ചന്റ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി ബിജു വിജയൻ, എ. നൗഷാർ റാവുത്തർ, അന്റണി റൊഡ്രിക്സ്, എം.എച്ച്. നിസാമുദ്ദീൻ, എസ്. രാമാനുജം എന്നിവർ സംസാരിച്ചു.
പള്ളിമുക്കിൽ
വ്യാപാരി വ്യവസായി ഏകോപന സമിതി മാടൻനട, പള്ളിമുക്ക്, തട്ടാമല, ഇരവിപുരം യൂണിറ്റികളുടെ നേതൃത്വത്തിൽ പള്ളിമുക്ക് ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മാടൻനട യൂണിറ്റ് പ്രസിഡന്റ് ആദിക്കാട് മനോജ് അദ്ധ്യക്ഷത വഹിച്ചു. അൻസാരി മജീദ്, ഷാനാവാസ്, അബ്ദുൽ സലാം, അജയകുമാർ, നൌഷിർ ഹംസാ എന്നിവർ സംസാരിച്ചു.
ഊന്നിൻമൂട്
വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറിയും കൊട്ടിയം മേഖലാ പ്രസിഡന്റും ഊന്നിൻമൂട് യൂണിറ്റ് പ്രസിഡന്റുമായ ബി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു ചാറ്റർജി, വർക്കിംഗ് സെക്രട്ടറി തുളസീധരൻ, ഭാരവാഹികളായ സുഗന്ധൻ, അജിത് കുമാർ, പ്രേം ദേവദാസ്, ജയലാൽ, അനിൽ കുമാർ, സുജിത്, ബാബു എന്നിവർ പങ്കെടുത്തു.
മൂന്നാംകുറ്റിയിൽ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ (ഹസൻകോയ വിഭാഗം) ആഹ്വാന പ്രകാരം മൂന്നാംകുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇലക്ട്രിക്സിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. ഐ.വി. നെൽസൺ അദ്ധ്യക്ഷത വഹിച്ചു. നഹ്മത്തുള്ള, ഉദയഭാനു, താജുദ്ദീൻ, അമീർ എന്നിവർ സംസാരിച്ചു.യുവജന വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ പഠിപ്പുര സ്വാഗതവും യൂണിറ്റ് ട്രഷറർ ബെയ്സൽ നന്ദിയും പറഞ്ഞു.
കൊട്ടിയത്ത്
വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം യൂണിറ്റിന്റെ നേതൃത്വത്തിൽ കൊട്ടിയം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ ട്രഷറർ എസ്. കബീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കരിക്കട്ടഴികം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നൂഹുകണ്ണ്, ജില്ലാ കമിറ്റിഅംഗം ഡി. സുനിൽകുമാർ, എസ്. പളനി, ഹാജി കമറുദ്ദീൻ, എസ്. സോണി, നിയാസ്, ഉണ്ണി പാദുകം, ബിജുഖാൻ എന്നിവർ സംസാരിച്ചു.
ചാത്തന്നൂരിൽ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ യൂണിറ്റ് പ്രസിഡന്റ് എം. ശശിധരൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ യൂണിറ്റ് ട്രഷറർ മോഹിത് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ബാബു, രാജേന്ദ്രൻ ഉണ്ണിത്താൻ, സുരേഷ് കുമാർ, മോൻസി, രംഗനാഥ്, ഹരി എന്നിവർ സംസാരിച്ചു.
പരവൂരിൽ
പരവൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരവൂർ വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അങ്ങേവീട് അശോകൻ, രാജീവ്, ജയനാഥ്, ലൗലി എന്നിവർ നേതൃത്വം നൽകി.