uthra

കൊല്ലം: ഉത്രയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റം തങ്ങളെ അമ്പരപ്പിച്ചതായി സുഹൃത്തുക്കളുടെ മൊഴി.

സൂരജിന് ഭാര്യ നഷ്ടപ്പെട്ടതിന്റെ യാതൊരു ദുഃഖവുമില്ലായിരുന്നുവെന്നും അന്വേഷണ സംഘത്തോട് സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഉത്ര മരിച്ചതിന്റെ തൊട്ടടുത്ത ദിനങ്ങളിൽപ്പോലും പുറത്ത് പോയും ഓൺലൈനായി വരുത്തിയും മുന്തിയ ഭക്ഷണം കഴിച്ച് സൂരജ് ഉല്ലസിക്കുകയായിരുന്നുവെന്നും മൊഴിലഭിച്ചു.

ഇതുവരെ സൂരജിന്റെ 27 സുഹൃത്തുക്കളെയാണ് ചോദ്യം ചെയ്തത്. സൂരജിന്റെ പെരുമാറ്റം പലപ്പോഴും സംശയം ജനിപ്പിച്ചിരുന്നതായും കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കാൻ പ്രത്യേക വിരുതുണ്ടെന്നും എന്ത് കാര്യം ചെയ്താലും അധികമാരോടും പറയാറില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. സൂരജിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളോട് മാത്രമാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റതും ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാര്യവും പറഞ്ഞത്. മറ്റാരോടും ഇക്കാര്യം പറയരുതെന്ന് നിർദ്ദേശം നൽകിയിരുന്നതായും സുഹൃത്തുക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞു.
സൂരജിന് ഉത്രയോട് കാര്യമായ അടുപ്പമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയൽക്കാരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഉത്രയെ സൂരജ് ഒരിടത്തും ഒപ്പം കൊണ്ടുപോയിരുന്നില്ല. ചടങ്ങുകൾക്ക് ഒഴിവാക്കി, സംസാരിക്കുന്നത് പോലും അപൂർവമായിരുന്നു. അയൽക്കാരുമായും സൂരജിനോ കുടുംബത്തിനോ കാര്യമായ അടുപ്പവുമില്ല. ഉത്രയ്ക്ക് ആദ്യ തവണ പാമ്പ് കടിയേറ്റതും ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതും ഒറ്റ അയൽക്കാരോടും പറഞ്ഞിരുന്നില്ലത്രെ. ഉത്രയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തൊട്ടടുത്ത അയൽക്കാർ പോലും കാര്യങ്ങൾ അറിയുന്നത്.

അന്വേഷണം അന്തിമ ഘട്ടത്തിലേയ്ക്ക്

ഉത്ര വധക്കേസിന്റെ കുറ്റപത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.