photo
കടലിൽ നിന്ന് കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ച് കയറുന്നു

കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ കടലാക്രമണം രൂക്ഷമാകുന്നു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച കടലാക്രമണത്തിന് ഉച്ചയോടെയാണ് ശമനമായത്. കടൽ ഭിത്തിയും തകർത്ത് കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ച് കയറുകയായിരുന്നു. വേലിയേറ്ര സമയത്ത് ആരംഭിച്ച കടലാക്രമണം വ്യാപകമായ നാശം വിതച്ചു. സമുദ്ര തീരത്തുള്ള നൂറ് കണക്കിന് വീടുകളിൽ കടൽ വെള്ളം കയറി. വീട്ടുസാധനങ്ങൾ പലതും വെള്ളത്തിൽ ഒലിച്ചുപോയി. കടലിൽ നിന്ന് ഇരച്ചുകയറിയ തിരമാലകൾ കരയിലൂ‌ടെ ഒഴുകി ടി.എസ്.കനാലിൽ പതിക്കുകയായിരുന്നു. കടൽ രൂക്ഷമായതോടെ ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. വിവരം അറിഞ്ഞെത്തിയ പൊലീസ് പണിക്കർകടവിൽ വാഹനങ്ങൾ തടഞ്ഞു. കടൽ ശാന്തമായതോടെയാണ് വാഹന ഗതാഗതം പുനരാരംഭിച്ചത്. ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലുടനീളം കടലാക്രമണം ശക്തമായിരുന്നു. കടൽ ഭിത്തികൾ തകർന്ന് പോയതാണ് കടൽ വെള്ളം കരയിലേക്ക് ഇരച്ച് കയറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കടലാക്രമണ പ്രദേശങ്ങൾ ആർ. രാമചന്ദ്രൻ എം.എൽ.എ സന്ദർശിച്ചു.

തകർന്ന് കിടക്കുന്ന തീരസംരക്ഷണ ഭിത്തികൾ എത്രയും വേഗം പുനർ നിർമ്മിക്കണം

നാട്ടുകാർ

ബാഗുകളിൽ മണ്ണ് നിറച്ച് താത്കാലികമയി തീരസംരക്ഷണം ഉറപ്പാക്കാൻ ജില്ലാ കളക്ടറുമായി ആലോചിച്ച് നടപടിയെടുക്കും

ആർ. രാമചന്ദ്രൻ എം.എൽ.എ

നാട്ടുകാർ പണിക്കർ കടവ് പാലം ഉപരോധിച്ചു

13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തീരദേശ റോഡ് തകർച്ചാഭീഷണിയിൽ ഓച്ചിറ: ആലപ്പാട് പഞ്ചായത്തിലെ കൊച്ചോച്ചിറ, മാടൻനട, വടക്കേനട ഭഗവതി ക്ഷേത്രം, കോട്ടപ്പുറത്ത് വളവ്, കുഴിത്തുറ, പറയകടവ്, ശ്രാക്കിക്കാട് ക്ഷേത്രത്തിന് സമീപം, അഴീക്കൽ തലസ്ഥാനം എന്നിവിടങ്ങളിൽ ഇന്നലെ രൂക്ഷമായ കടലാക്രമണം ഉണ്ടായി. 13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തീരദേശ റോഡ് തകർച്ചാഭീഷണിയിലാണ്. കൊച്ചോച്ചിറയിൽ കടകളിലും വീടുകളിലും കടൽ വെള്ളം ഇരച്ചു കയറി. കരയോഗത്തിന്റെയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ നാട്ടുകാർ പണിക്കർകടവ് പാലം ഉപരോധിച്ചു. റവന്യൂ ജീവനക്കാരെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ തിങ്കളാഴ്ച വിഷയം ചർച്ച ചെയ്യാമെന്ന ധാരണയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആലപ്പാട് കോട്ടപ്പുറത്ത് വളവിലും ശ്രായിക്കാട് ക്ഷേത്രത്തിന് തെക്കുഭാഗത്തും റോഡിലേക്ക് തിരയടിച്ച് കയറുകയാണ്. ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾ തകർന്നിരുന്നു. അവിടെ സ്ഥാപിക്കുന്നതിനുള്ള ജിയോ ബാഗുകൾ അധികൃതർ സ്ഥലത്തെത്തിച്ചു. ഇതിൽ മണൽ നിറയ്ക്കുന്നതിനുള്ള ചുമതല പഞ്ചായത്തിനാണെന്നും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ഏകദിന ഉപവാസം അടിയന്തരമായി ആലപ്പാട് പഞ്ചായത്തിൽ കടൽഭിത്തി, പുലിമുട്ട് എന്നിവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോൺഗ്രസ് ആലപ്പാട് മണ്ഡലം പ്രസിഡന്റ് സജിൻ ബാബു താലൂക്ക് ഓഫീസിന് മുൻപിൽ ഏകദിന ഉപവാസം നടത്തും.