കൂടുതൽ ടെസ്റ്റുകൾ നടത്താൻ ട്രൂനാറ്റ് മെഷീൻ ലഭ്യമാക്കാൻ ശ്രമം
കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചാൽ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായ കൊല്ലം വിക്ടോറിയ കൂടി കൊവിഡ് ആശുപത്രിയാക്കുമെന്ന് അവലകോന യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താൻ എം.എൽ.എമാരുടെ സഹായത്തോടെ ട്രൂനാറ്റ് മെഷീൻ ലഭ്യമാക്കാൻ ശ്രമിക്കും. മൃതദേഹങ്ങളുടെ കാര്യത്തിലും ട്രൂനാറ്റ് വഴി ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നിരീക്ഷണത്തിലിരിക്കുന്നവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. അതിഥി തൊഴിലാളികളെ സംബന്ധിച്ച കാര്യങ്ങളും യോഗം വിലയിരുത്തി. കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
...................................................
യോഗത്തിലെ നിർദ്ദേശങ്ങൾ
1. എ ഗ്രേഡ് പഞ്ചായത്തുകളിൽ സൗജന്യ സ്ഥാപന നിരീക്ഷണ കേന്ദ്രം ഒരെണ്ണമെങ്കിലും ഉറപ്പാക്കണം
2. പഞ്ചായത്ത് തലത്തിൽ എല്ലാവർക്കും ബോധവത്കരണം
3. രോഗികൾ വർദ്ധിക്കുന്ന സാഹചര്യം വന്നാൽ വിക്‌ടോറിയ ആശുപത്രിയെ കൊവിഡ് ആശുപത്രിയായി മാറ്റും
4. താലൂക്ക് ആശുപത്രികളായ കൊട്ടാരക്കര, കരുനാഗപ്പള്ളി, നെടുങ്ങോലം, കുണ്ടറ എന്നിവിടങ്ങളിൽ മാതൃസംരക്ഷണ സംവിധാനങ്ങൾ ഒരുക്കും
5. വാളകം മേഴ്‌സി ആശുപത്രിയും നെടുമ്പനയിലെ ആശുപത്രിയും കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കും. പനി, തൊണ്ടവേദന എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ഇവിടെ നിന്ന് ചികിത്സ നേടാം.
ട്രൂനാറ്റ് മെഷീൻ
കൊവിഡ് സംശയിക്കുന്ന വ്യക്തിയുടെ സാമ്പിൾ മൈക്രോ ചിപ്പിന്റെ സഹായത്തോടെയാണ് ട്രൂനാറ്റ് മെഷീൻ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഓരോ പരിശോധനയിലും ഓരോ ചിപ്പാണ് ഉപയോഗിക്കുന്നത്. സ്‌ക്രീനിംഗ് ടെസ്റ്റാണ് ഇവിടെ നടക്കുന്നത്.