camera

 ടൂറിസം വകുപ്പ് അനുവദിച്ചത് 14 ലക്ഷം രൂപ

കൊല്ലം: കൊല്ലം ബീച്ചിലും ബോട്ട് ജെട്ടിയിലും എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി കാമറകൾ സ്ഥാപിക്കുന്നു. നാല് യൂണിറ്റ് കാമറകൾ വീതമാണ് ഇരുസ്ഥലങ്ങളിലും സ്ഥാപിക്കുന്നത്.

ജില്ലയിൽ അന്യദേശങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന ബീച്ചിലും ബോട്ട് ജെട്ടിയിലും സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറെ രൂക്ഷമാണ്. രാത്രികാലങ്ങളിൽ ഇവിടെ തമ്പടിച്ച് മദ്യപിക്കുന്ന സംഘങ്ങൾ സഞ്ചാരികളെ ആക്രമിക്കുന്നതും അസഭ്യവാക്കുകൾ പറയുന്നതും പതിവാണ്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി രണ്ട് കേന്ദ്രങ്ങളിലും ടൂറിസം പൊലീസിനെ അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാമറകൾ സ്ഥാപിക്കുന്നത്.

കൊല്ലത്തെ രണ്ട് കേന്ദ്രങ്ങൾക്ക് പുറമേ മലമേൽ പാറ, കൊട്ടാരക്കര മീൻപിടി പാറ എന്നിവിടങ്ങളിലും കാമറ സ്ഥാപിക്കാൻ 14 ലക്ഷം രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചിട്ടുള്ളത്. കാമറകൾ വരുന്നതോടെ സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തടയിടാനും സാമൂഹ്യ വിരുദ്ധരുടെ മറ്റ് വിളയാട്ടങ്ങൾ അവസാനിപ്പിക്കാനും സാധിക്കും.

 വയർലെസ് കാമറകൾ,​ നിരീക്ഷണം ഡി.ടി.പി.സി ഓഫീസിൽ

വയർലെസ് കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ കൊല്ലത്തെ ഡി.ടി.പി.സി ഓഫീസിൽ സ്ഥാപിക്കുന്ന സ്ക്രീനിൽ നിരീക്ഷിക്കുന്നതിനൊപ്പം സെർവറിലും സൂക്ഷിക്കും. പൊലീസിന്റെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്. ബീച്ചിലും ബോട്ട് ജെട്ടിയിലും ഉപ്പ് കാറ്റ് അടിച്ചാലും നശിക്കാത്ത കാമറകളാണ് സ്ഥാപിക്കുന്നത്.

" വിദേശ ടൂറിസ്റ്റുകളുടെയടക്കം സുരക്ഷ വളരെ അനിവാര്യമാണ്. പക്ഷെ ദൗർഭാഗ്യകരമായ സംഭവങ്ങൾ പലപ്പോഴും ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ കുറ്റക്കാരെ അതിവേഗം പിടികൂടാനുമാണ് കാമറകൾ സ്ഥാപിക്കുന്നത്. എത്രയും വേഗം കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും''

എം. മുകേഷ് എം.എൽ.എ