കൊല്ലം: പൊലീസും ആരോഗ്യവകുപ്പും കൈകോർത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊവിഡ് രോഗിക്ക് മണിക്കൂറുകൾക്കുള്ളിൽ എറണാകുളത്ത് നിന്ന് ജീവൻരക്ഷാമരുന്ന് എത്തിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 68വയസുള്ള രോഗിക്കാണ് അടിയന്തരഘട്ടത്തിൽ ഉപയോഗിക്കുന്ന മരുന്ന് എത്തിച്ചത്. കേരളത്തിൽ ഈ മരുന്ന് ഉപയോഗിക്കുന്ന നാലാമത്തെ മെഡിക്കൽ കോളേജാണ് പാരിപ്പള്ളി.
കഴിഞ്ഞ പത്തിന് ഡൽഹിയിൽ നിന്നെത്തിയതാണ് രോഗി. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് യോഗം ഇന്നലെ രാവിലെ എറണാകുളത്ത് നിന്ന്
മരുന്ന് എത്തിക്കാൻ തീരുമാനിച്ചു. ആരോഗ്യകേരളം പദ്ധതിയിൽ നിന്ന് 62,000 രൂപയും ഇതിനായി അനുവദിച്ചു.
പൊലിസ് കമ്മിഷണർ ഇടപെട്ട് മരുന്ന് കൊണ്ടുവരാൻ വാഹനം ഏർപ്പാടാക്കി. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരിക്കുകയും വൈകുന്നേരം അഞ്ച് മണിയോടെ മരുന്നെത്തിക്കുകയുമായിരുന്നു.