കൊല്ലം നഗരത്തിലെ മൂന്ന് ഡിവിഷനുകളിൽ കർശന നിയന്ത്രണം
കൊല്ലം: മലപ്പുറത്ത് നിന്നെത്തി മുണ്ടയ്ക്കലിൽ താമസിക്കുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൊല്ലം നഗര ഹൃദയത്തിലെ മൂന്ന് ഡിവിഷനുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കർശനമാക്കി. മുണ്ടയ്ക്കൽ (42), ഉദയമാർത്താണ്ഡപുരം (45), കന്റോൺമെന്റ് (44) ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ പ്രഖ്യാപിച്ചത്.
മേയ് അവസാനത്തോടെ മലപ്പുറത്ത് നിന്ന് ജോലി ആവശ്യത്തിന് സുഹൃത്തിനൊപ്പം ബൈക്കിൽ കൊല്ലത്ത് എത്തിയ യുവാവ് സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും കണ്ടെത്തുക ശ്രമകരമാണ്. യുവാവിന്റെ സമ്പർക്ക പട്ടിക വിപുലമാണെന്ന തിരിച്ചറിവിലാണ് ചിന്നക്കടയും കോളേജ് ജംഗ്ഷനും ഉൾപ്പെടുന്ന നഗര ഹൃദയത്തിലെ മൂന്ന് ഡിവിഷനുകൾ കണ്ടെയ്മെന്റ് സോണുകളാക്കേണ്ടി വന്നത്. ഇവിടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ആശുപത്രി യാത്രകൾ പോലെയുള്ള ആവശ്യങ്ങൾക്ക് മാത്രമേ ഇവിടെ നിന്ന് പുറത്ത് പോകാനാകൂ.
പുറത്ത് നിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. അനാവശ്യ യാത്രക്കാരെ നിയന്ത്രിക്കാൻ ഇടറോഡുകൾ പലതും പൊലീസ് അടച്ചു. മുണ്ടയ്ക്കലിലെ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചെന്ന് അറിഞ്ഞതോടെ എസ്.എൻ കോളേജ് ജംഗ്ഷനിൽ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ സ്വമേധയാ അടച്ചിരുന്നു.
തൃക്കോവിൽവട്ടം പഞ്ചായത്തിലെ 6, 7, 9 വാർഡുകൾ, മയ്യനാട്ടെ 15, 16 വാർഡുകൾ, കല്ലുവാതുക്കലിലെ 8, 10, 11, 13 വാർഡുകൾ, ഇട്ടവിയിലെ 17-ാം വാർഡ് എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരണത്തിന് പിന്നാലെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാണ്.
മുണ്ടയ്ക്കലെ യുവാവിന്റെ റൂട്ട് മാപ്പ്
മേയ് 25: ജോലി ആവശ്യത്തിനായി സുഹൃത്തിനൊപ്പം മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് ബൈക്കിൽ യാത്ര
മേയ് 25 - ജൂൺ13: കോളേജ് ജംഗ്ഷനിലെ സ്ഥാപനത്തിൽ ജോലി ചെയ്തു. ഒപ്പം മൂന്നുപേർ ഉണ്ടായിരുന്നു. മുണ്ടയ്ക്കലിലെ താമസ സ്ഥലത്ത് നിന്ന് ബൈക്കിലും നടന്നുമാണ് കടയിലെത്തിയിരുന്നത്
നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായി കോളേജ് ജംഗ്ഷനിലെ വിവിധ കടകളിൽ പലപ്പോഴായി കയറി
ജോലി ചെയ്യുന്ന സ്ഥാപനത്തിന് എതിർവശത്തെ ചായക്കടയിൽ സ്ഥിരമായി ചായ കുടിക്കാൻ പോയി
കപ്പലണ്ടി മുക്കിലെ ഹോട്ടലിൽ നിന്നാണ് ഉച്ചഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നത്
ജൂൺ 15: കൊല്ലം ജില്ലാ ആശുപത്രിയിൽ ബൈക്കിലെത്തി പരിശോധനയ്ക്കായി സ്രവം നൽകി മടങ്ങി
ജൂൺ 18: കൊവിഡ് സഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
''
കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് നിരീക്ഷണവും നിയന്ത്റണങ്ങളും കർശനമാണ്. ലംഘിക്കുന്നവർക്കെതിരെ നടപടികളുണ്ടാകും.
സി.ഐ, കൊല്ലം
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ