ഗുരുദേവപാദങ്ങളിൽ സമർപ്പിതമാണ് കോമളവല്ലി ടീച്ചറുടെ ജീവിതം. ഗുരുവാണ് മനസ് നിറയെ. ഗുരുദർശനങ്ങളുടെ പൊരുൾ തേടിയുള്ള യാത്രയാണ് ഹൃദയതാളം. വിശ്വപ്രകാശത്തിന്റെ ആ ശ്രീകോവിലിലേക്ക് ടീച്ചർ ഒറ്റയ്ക്കല്ല നടക്കുന്നത്. ഒരുപിടി ആളുകളെ കൈപിടിച്ചു നയിക്കുകയാണ്.
നീണ്ടകാലത്തെ അദ്ധ്യാപന ജീവിതത്തിന് ശേഷമാണ് കോമളവല്ലി ടീച്ചർ ഗുരുവഴിയിലെ മുഴുവൻ സമയ യാത്രക്കാരിയായത്. അയൽവാസികളായ സ്ത്രീകളെ ഒപ്പംകൂട്ടി ഗുരുദേവ പ്രാർത്ഥനാ സമിതി രൂപീകരിച്ചു. പ്രസിഡന്റായ കോമളവല്ലി ടീച്ചറുടെ നേതൃത്വത്തിൽ സമീപത്തെ വീടികളിലെത്തി ഗുരുദേവ കീർത്തനാലാപനം നടത്തും. അർത്ഥം പറഞ്ഞ് പഠിപ്പിക്കും. ഗുരുവിൽ മനസ് അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പെന്നാണ് ടീച്ചറുടെ വിശ്വാസം. അതിന് ടീച്ചറുടെ പക്കൽ നിരവധി അനുഭവങ്ങളുണ്ട്.
താന്നി സ്വർഗപുരം ക്ഷേത്രത്തിന് സമീപുമുള്ള ഗുരുദേവ ക്ഷേത്രം കോമളവല്ലി ടീച്ചർ നിർമ്മിച്ച് നൽകിയതാണ്. മന്ദിര നിർമ്മാണത്തിനും പ്രതിഷ്ഠാ ചടങ്ങിനുമടക്കം നാലര ലക്ഷം രൂപയായി. എസ്.എൻ.ഡി.പി താന്നി ശാഖയിൽ നിന്നുള്ള യൂണിയൻ പ്രതിനിധിയാണ് കോമളവല്ലി ടീച്ചർ. സംഘടനാ പ്രവർത്തനങ്ങളിലേക്ക് ടീച്ചറെ കൊണ്ടുവന്നതും എല്ലാ സഹായങ്ങളും ചെയ്യുന്നതും യോഗം കൊല്ലം യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ ഇരവിപുരം സജീവനാണ്. ഗുരുദേവൻ സിലോൺ സന്ദശിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരിയിലെ സന്യാസിമാർക്കൊപ്പം ടീച്ചർ സിലോൺ സന്ദർശിച്ചിരുന്നു.
കല്ലട നാണു വൈദ്യന്റെയും മണ്ണെഴികം ഭവാനിയുടെയും മകളായാണ് ജനനം. മയ്യനാട് ശാസ്താംകോവിൽ എൽ.പി.എസ്, മയ്യനാട് എച്ച്.എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും ഡ്രിഗിയും പാസായി. തൊട്ടുപിന്നാലെ എസ്.എൻഡി.പി യോഗത്തിന്റെ കീഴിൽ ചിതറയിലുള്ള എസ്.എൻ.എച്ച്.എസിൽ അദ്ധ്യാപികയായി. ഇതിനിടെ കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡ് നേടി.
ഫസ്റ്റ് ഫോം മുതൽ സിക്ത് ഫോം വരെ ക്ലാസ് ലീഡറും സാഹിത്യസമാജം സെക്രട്ടറിയുമായിരുന്നു. മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി ആയിരിക്കെ കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായി. അക്കാലത്ത് കഥകളും ലേഖനങ്ങളും ഏഴുതുമായിരുന്നു. ലേഖനങ്ങൾ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചു. അക്കാലത്ത് എഴുതിയ ഒരു ലേഖനം മലയാളെ അദ്ധ്യാപകനായിരുന്ന ചന്ദ്രശേഖരൻ മലയാളം ജനറൽ ക്ലാസിൽ എല്ലാ കുട്ടികളെയും വായിച്ച് കേൾപ്പിച്ച ശേഷം അഭിനന്ദിച്ചത് ടീച്ചറുടെ മനസിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നു.
കുടുംബം
കിളിമാനൂർ രാജാരവിവർമ്മ സ്കൂളിലെ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന ഭർത്താവ് സദാശിവൻ 27 വർഷം മുൻപ് മരിച്ചു. നേരത്തെ ഡയറ്റീഷ്യനും ഇപ്പോൾ കിളിമാനൂരിലെ ടെക്സ്റ്റയിൽസ് ഉടമയുമായ പ്രിജു, പത്തനംതിട്ട ഫിഷറീസ് അസി. ഡയറക്ടർ പ്രിൻസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എം.ആർ.എ പ്രിയ എന്നിവർ മക്കൾ. കെ.എസ്.എഫ്.ഇയിൽ നിന്ന് സീനയർ മാനേജരായി വിരമിച്ച ചന്ദ്രശേഖരൻ, നീരാവിൽ എസ്.എൻ.ഡി.പി സ്കൂൾ ഹയർ സെക്കണ്ടറി അദ്ധ്യാപിക ലിജി എന്നിവർ മരുമക്കൾ.
എല്ലാവരുടെയും ടീച്ചറമ്മ
1988ൽ നീരാവിൽ സ്കൂളിലെ പത്താം ക്ലാസ് ഡിവിഷനുകളിലൊന്നിന്റെ ക്ലാസ് ടീച്ചറായിരുന്ന കാലം. നാലാമത്തെ പിരീഡ് എട്ടാം ക്ലാസിൽ ഫിസിക്സ് പഠിപ്പിക്കാനായി ചെന്നു. അപ്പോൾ മൂന്നാം ബഞ്ചിൽ ഇടത്തേയറ്റത്തുള്ള കുട്ടി തല ചായ്ച്ച് ഉറങ്ങുകയാണ്. മറ്റ് കുട്ടികളോട് കാര്യം തിരക്കിയപ്പോൾ തൊട്ടുമുൻപെത്തിയ മൂന്ന് അദ്ധ്യാപകരും ക്ലാസ് സമയത്ത് ഉറങ്ങിയതിന് അടിച്ചതായി പറഞ്ഞു. ടീച്ചർ അവനെ തട്ടിയുണർത്തിയ ശേഷം ഇന്നലെ രാത്രി ഉറങ്ങിയില്ലേയെന്ന് ചോദിച്ചു. ഇല്ല അച്ഛനൊപ്പം കായലിൽ വലവിരിക്കാൻ പോയെന്നും നേരെ പുലർന്നിട്ടാണ് മടങ്ങിയെത്തിയതെന്നുമായിരുന്നു മറുപടി. സാരമില്ലെന്ന് പറഞ്ഞ് അവനെ ഇരുത്തിയ ശേഷം അച്ഛന് ജോലിയില്ലാത്ത സമയത്ത് തന്നെ വന്നൊന്ന് കാണാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ആ വിദ്യാർത്ഥിയുടെ അച്ഛൻ ടീച്ചറെ കാണാനെത്തി. മകനെ ഇനി മേലാൽ കായലിൽ പണിക്ക് കൊണ്ടുപോകരുതെന്ന് പറഞ്ഞ് ശകാരിച്ചു. അതിന് ശേഷം ടീച്ചർ അവനെ പ്രത്യേകം ശ്രദ്ധിച്ചു. പത്താം ക്ലാസ് ഫലം വന്ന ദിവസം കോമളവല്ലി ടീച്ചർ സ്കൂളിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുമ്പോൾ ടീച്ചറെ ഞാൻ ജയിച്ചുവെന്ന് പറഞ്ഞു ഒരാൾ വന്ന് കെട്ടിപ്പിടിച്ചു. അത് അവനായിരുന്നു. നാലാം പിരീഡിൽ ഉറങ്ങിയ വിദ്യാർത്ഥി.
സ്വന്തം അമ്മമാരെക്കാൾ തന്നെ സ്നേഹിച്ച ഏറെ കുട്ടികളുടെ കഥ ടീച്ചർക്ക് പറയാനുണ്ട്. എല്ലാ അദ്ധ്യാപക ദിനത്തിലും ഗാസിയാബാദിലുള്ള ഒരു പഴയ വിദ്യർത്ഥി ടീച്ചറെ ഫോണിൽ വിളിക്കും. സ്ഥിരമായി ആശംസാ കാർഡ് അയയ്ക്കുന്നവരുമുണ്ട്. 34 വർഷത്തെ സേവനത്തിന് ശേഷം നീരാവിൽ എസ്.എൻ.ഡി.പി സ്കൂളിലെ ഹെഡ്മിസ്ട്രസായാണ് വിരമിച്ചത്. ആനാട് എച്ച്.എസ്.എസ്, ആലുവ എസ്.എൻ.ഡി.പി എച്ച്.എസ്, ചിതറ എസ്.എൻ.എച്ച്.എസ് എന്നിവിടങ്ങളിലും ഹെഡ്മിസ്ട്രസായിരുന്നു.