പുത്തൂർ: കിഴക്കേ കല്ലട സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ 1990 ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാത്തം തങ്ങളുടെ സുഹൃത്തിന്റെ മക്കളായ സി.വി.കെ.എം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടി.വിയും ഡി.റ്റി.എച്ച് കണക്ഷനും നൽകി ഓൺലൈൻ പഠന സൗകര്യമൊരുക്കി. കിഴക്കേ കല്ലട തെക്കേ മുറിയിൽ താമസിക്കുന്ന റോബിന്റെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ചങ്ങാത്തം സെക്രട്ടറി വിനോദ്, പ്രസിഡന്റ് വിനു, പ്രവർത്തകരായ ചാക്കോ , റെജി ആന്റണി, അനൂപ് എന്നിവർ ചേർന്ന് ടി.വി. കൈമാറി. ലോക് ഡൗൺ കാലത്ത് അവശത അനുഭവിക്കുന്ന എട്ട് കുടുംബങ്ങൾക്ക് മരുന്നും അവശ്യസാധനങ്ങളും അടങ്ങുന്ന കിറ്റുകൾ നൽകി ചങ്ങാത്തം മാതൃക ആയിരുന്നു. ചങ്ങാത്തം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥി സംഘടനയാണ്. ഇതോടനുബന്ധിച്ച് സ്വയം സഹായ സംഘവും രൂപീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും മെഡിക്കൽ ക്യാമ്പ്, അഗതി മന്ദിരങ്ങളിൽ ഭക്ഷണം എത്തിക്കുക, ഗുരുവന്ദനം, മികച്ച വിജയം നേടുന്ന കുട്ടികളെ ആദരിക്കൽ എന്നീ പരിപാടികളും നടത്തുന്നുണ്ട്.