അഞ്ചൽ: നാട്ടുകരുടെ കനത്ത രോഷപ്രകടനത്തിനിടെ ഉത്ര വധക്കേസിലെ മുഖ്യപ്രതി ഭർത്താവ് സൂരജിനെ ഫോറസ്റ്റ് സംഘം ഏറത്തെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. അൻപതോളം സായുധ ഫോറസ്റ്റ് സംഘത്തിന്റെ സുരക്ഷയിലാണ് എത്തിച്ചതെങ്കിലും സൂരജിന് നേരെ ആക്രോശിച്ചുകൊണ്ട് നാട്ടുകാർ പാഞ്ഞടുത്തു. മർദ്ദിക്കാനും ശ്രമമുണ്ടായി.
ഇന്നലെ രാവിലെ 10ഓടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇതിന് മുൻപേ ഏതാനും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉത്രയുടെ വീട്ടിലെത്തിയിരുന്നു. സൂരജിന് കല്ലേറ് ഏൽക്കാതിരിക്കാൻ ഹെൽമെറ്റ് ധരിപ്പിച്ചിരുന്നു. ഉത്രയെ പാമ്പ് കടിച്ച മുറി, പാമ്പിനെ സൂക്ഷിച്ചിരുന്ന സ്ഥലം, പാമ്പിനെ കൊന്ന് കുഴിച്ചിട്ടസ്ഥലം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തു. കൊത്തിക്കുന്നതിനായി ഉത്രയുടെ കൈ പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ടിന്നിന്റെ അടുത്തേക്ക് കമ്പ് ഉപയോഗിച്ച് ഉയർത്തിക്കൊടുത്തതായി തെളിവെടുപ്പിനിടെ സൂരജ് വെളിപ്പെടുത്തി.
തെളിവെടുപ്പിന് ശേഷം വീടിന് പുറത്തേക്കുവരുമ്പോഴാണ് സൂരജിന് നേരെ നാട്ടുകാരുടെ വലിയപ്രതിഷേധം ഉണ്ടായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരായ ചിലരും ചേർന്ന് ഇവരെ പിന്തിരിപ്പിച്ചാണ് സൂരജിനെ വാഹനത്തിൽ കയറ്റിയത്. 23 വരെയാണ് സൂരജിനെ കോടതി ഫോറസ്റ്റ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വാവാ സുരേഷിന്റെ സഹായം തേടിയിരുന്നു.