കൊല്ലം : കൊട്ടാരക്കരയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പൂർത്തിയായി. ജൂലായ് ആദ്യവാരം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നടത്തും. റെയിൽവേ സ്റ്റേഷൻ കവലയിൽ എക്സൈസ് സർക്കിൾ ഓഫീസിനോട് ചേർന്നുള്ള റവന്യൂ ഭൂമിയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. പി. ഐഷാപോറ്റി എം.എൽ.എ മുൻകൈയെടുത്ത് സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ സ്മാർട്ട് വില്ലേജ് ഓഫീസിനായി അനുവദിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്ന് കാണാവുന്ന വിധം ഒറ്റനിലയുള്ള മനോഹരമായ കെട്ടിടമാണ് പൂർത്തിയായത്.
നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ വേഗത്തിൽ ഫയലുകൾ തീർപ്പാക്കുന്നതുൾപ്പെടെ എല്ലാം സ്മാർട്ടാകുമെന്ന് വില്ലേജ് അധികൃതർ പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങൾ
ജീവനക്കാർക്കും ഓഫീസർക്കും പ്രത്യേകം മുറികൾ, സന്ദർശകർക്ക് വിശ്രമിക്കാനിടം, റെക്കാർഡ് റൂം, ടോയ്‌ലെറ്റ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. മുറ്റം ഇന്റർലോക്ക് പാകി മനോഹരമാക്കി. മുന്നിൽ പൂന്തോട്ടവും പാർക്കിംഗ് സംവിധാനങ്ങളുമൊരുക്കുന്നുണ്ട്.
കമ്പ്യൂട്ടർവത്കൃത ഓഫീസിൽ സമയബന്ധിതമായി സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റാനാകും. പൊതുജനങ്ങൾക്ക് ഓഫീസിലേക്ക് വരാതെതന്നെ സർട്ടിഫിക്കറ്റുകളും മറ്റും ലഭിക്കാൻ ഓൺലൈൻ സംവിധാനങ്ങളുണ്ട്. ഓഫീസിലേക്ക് വരേണ്ടി വന്നാൽ വിശ്രമിക്കാനുള്ള ഇടവും ടെലിവിഷനുമടക്കം വിനോദത്തിനുള്ള സംവിധാനങ്ങളുമുണ്ടാകും. അടിമുടി വില്ലേജ് ഓഫീസ് സംവിധാനങ്ങളിൽ മാറ്റംവരുത്തിയാണ് സ്മാർട്ട് ആകുന്നത്.
ദുരിതക്കെട്ടിടത്തിൽ നിന്ന് മോക്ഷം
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയുടെ ഓരത്തായി നാണക്കേടുണ്ടാക്കുംവിധം തീർത്തും ജീർണാവസ്ഥയിലായ കെട്ടിടത്തിലാണ് ഇത്രനാളും വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. സർട്ടിഫിക്കറ്റുകൾക്കും കരമൊടുക്കാനും മറ്റാവശ്യങ്ങൾക്കുമായി ദിവസവും നൂറുകണക്കിന് ആളുകളെത്തിയിരുന്നത് ഈ ദുരിതക്കൂടാരത്തിലേക്കായിരുന്നു. ഉദ്യോഗസ്ഥരും വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. അവയ്ക്കാണ് ഇപ്പോൾ മാറ്റമുണ്ടാകുന്നത്. മനോഹരമായ കെട്ടിടത്തിൽ അത്യാധുനിക സംവിധാനങ്ങളുണ്ട്.
ഉദ്ഘാടന തീയതി നിശ്ചയിക്കും :
കൊട്ടാരക്കരയിലെ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ നടത്താനാണ് ആലോചിച്ചിരുന്നത്. അത് ജൂലായ് ആദ്യവാരത്തിലേക്ക് മാറ്റേണ്ടി വരും. ജില്ലയിലെ നാല് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒരേ ദിവസം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. മാവടിയിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ നടന്നേക്കും.
പി. ഐഷാപോറ്റി എം.എൽ.എ