കൊവിഡ് വ്യാപനം, സപ്ലൈ ഓഫീസുകളിൽ നിയന്ത്രണം
കൊല്ലം: കൊട്ടാരക്കര, കൊല്ലം താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ട് അപേക്ഷകൾ വാങ്ങി തീർപ്പ് കൽപ്പിക്കുന്നതിന് പകരം ഓൺലൈൻ വഴിയുള്ള അപേക്ഷ സമർപ്പണ സംവിധാനം ഏർപ്പെടുത്തി. പുതിയ റേഷൻ കാർഡിന് ഒഴികെയുള്ള ഒരു അപേക്ഷയും സപ്ലൈ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതില്ല. കൊവിഡ് മുൻകരുതൽ നിയന്ത്രണങ്ങൾ പാലിക്കാതെ നിരവധി പേർ അപേക്ഷയുമായി നേരിട്ടെത്തി തിക്കിത്തിരക്കുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.
പേര് കുറക്കുക, ചേർക്കുക, പൊതുവായ വിവരങ്ങൾ തിരുത്തുക തുടങ്ങിയ കാര്യങ്ങൾക്ക് അക്ഷയകൾ വഴിയോ അപേക്ഷകർ സ്വന്തം കമ്പ്യൂട്ടർ സംവിധാനം വഴിയോ സമർപ്പിച്ച അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിലെ ഡാറ്റാ ബേസിൽ ശേഖരിക്കും. ഏഴ് ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കും. മറ്റൊരു താലൂക്കിൽ ചേർക്കാനായി പേര് കുറയ്ക്കാൻ സമർപ്പിച്ച അപേക്ഷയിലെ ഏഴക്ക അപേക്ഷാ നമ്പർ തന്നെയാണ് പേര് ചേർക്കേണ്ട താലൂക്കിലെ സർട്ടിഫിക്കറ്റ് നമ്പരായി വരുന്നത്. ഈ നമ്പറുമായി പേര് ചേർക്കേണ്ട താലൂക്കിൽ അപേക്ഷ നൽകാവുന്നതാണ്.
റേഷൻ കാർഡ് സംബന്ധമായ മറ്റ് അപേക്ഷകളും ഓഫീസിൽ സമയബന്ധിതമായി തീർപ്പാക്കാം. ഇത്തരം അപേക്ഷകൾ സമർപ്പിച്ചവർ ആവശ്യപ്പെട്ട മാറ്റങ്ങൾ വന്നതായി റേഷൻ കടയിലെ ഇ പോസ് മെഷീനുകളിൽ നിന്ന് വ്യക്തമായ ശേഷം മാത്രം ഓഫീസിൽ എത്തിയാൽ മതിയാകും. പൊതുവിഭാഗത്തിൽ നിന്ന് മുൻഗണനയിലേക്ക് റേഷൻ കാർഡുകൾ തരം മാറ്റാനുള്ള അപേക്ഷകൾ തപാൽ വഴി അയച്ചാൽ മതിയാകും.
പ്രതിദിനം സ്വീകരിക്കുന്നത്:
50 അപേക്ഷകൾ
വിലാസം
കൊല്ലം:
താലൂക്ക് സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസ്, ആണ്ടാമുക്കം, കൊല്ലം.
കൊട്ടാരക്കര:
താലൂക്ക് സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൊട്ടാരക്കര
''
പുതിയ റേഷൻ കാർഡിന് ഒഴികെയുള്ള ഒരു അപേക്ഷയും സപ്ലൈ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതില്ല. അപേക്ഷകളിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം.
എസ്.എ.സെയ്ഫ്
താലൂക്ക് സപ്ലൈ ഓഫീസർ