pho

 കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷം

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ ഗ്രാമവാസികൾ കടുത്ത ഭീതിയിലായി. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലെ ജനവാസ മേഖലയിലാണ് വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചത്. ശനിയാഴ്ച പകൽ തെന്മലയിലും ഇടപ്പാളയത്തും ഇറങ്ങിയ ചെന്നായ് രണ്ടുപേരെ കടിച്ച് പരിക്കേൽപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തെന്മല സ്വദേശി വിജയൻ, ഇടപ്പാളയം ലക്ഷം വീട് സ്വദേശി സതീശൻ എന്നിവരെയാണ് ചെന്നായ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇവർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വനപാലകർ രാത്രിയിൽ നടത്തിയ പരിശോധനയിൽ ചെന്നായയെ പിടികൂടി താത്കാലിക കൂട്ടിലടച്ചിട്ടുണ്ട്. ഇത് കൂടാതെ കാട്ടാന, പുലി, കാട്ടുപന്നി തുടങ്ങിയ വന്യവൃഗങ്ങളുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. പശു, ആട്, വളർത്ത് നായ തുടങ്ങിയ മൃഗങ്ങളെ ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലി കടിച്ച് കൊല്ലുന്നത് പതിവാണ്. ജനവാസ മേഖലകളിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചത് മൂലം താമസക്കാർ ഭയന്ന് വീടിന് പുറത്തിറങ്ങാൻ മടിക്കുകയാണ്.

കൃഷി നശിപ്പിച്ച് കാട്ടാനകൾ

കഴിഞ്ഞ ആറ് മാസമായി ആര്യങ്കാവ് പഞ്ചായത്തിലെ തെന്മല വാലി എസ്റ്റേറ്റ് മേഖലയോട് ചേർന്ന് താമസിക്കുന്ന മലയോര കർഷകരുടെ കൃഷി കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു വരുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ കഴുതുരുട്ടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് രാവിലെ 11ന് ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തും. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്യും.

വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ച സ്ഥലങ്ങൾ

 ആനടച്ചാടി  ഇടപ്പാളയം  ആര്യങ്കാവ്  കുറവൻതാവളം  വെഞ്ചർ  27മല  ഇരുളൻകാട്  തെന്മല

 ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ  പുളിമുക്ക്  ആനപെട്ട കോങ്കൽ  തോണിച്ചാൽ  ചെറുതന്നൂർ

 ഉപ്പുകുഴി  ഓലപ്പാറ  മാമ്പഴത്തറ  ചെറുകടവ്  ചാലിയക്കര