കടയുണ്ടെങ്കിൽ അതിനൊരു ഉടമയും കാണും. അത് സാധാരണ കട. എന്നാൽ ഇതാ അസാധാരണമായ കുറച്ച് കടകളുണ്ട് അങ്ങ് മിസോറാമിൽ. കടയുണ്ടെങ്കിലും കടയുടമകളില്ല എന്നതാണ് പ്രത്യേകത. കടയിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ളത് എടുത്തതിന് ശേഷം തുക കടയ്ക്ക് മുമ്പിലുള്ള ബോക്‌സിൽ ഇടാം. നമ്മുടെ നാട്ടിൽ അങ്ങനെ ഒരു കട സങ്കൽപ്പിക്കാനാവുമോ?. കടയിലെ സാധനങ്ങൾ എപ്പോൾ കഴിഞ്ഞു എന്ന് നോക്കിയാൽ മതി എന്ന് മാത്രമല്ല പണപ്പെട്ടി മിക്കവാറും കാലിയായിരിക്കും. ലോകത്തെല്ലായിടത്തും അങ്ങനെയാണ് എന്ന് കരുതല്ലേ. മൈ ഹോം ഇന്ത്യ എന്ന ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയം.
ഒരു കട, രണ്ടു തട്ടുകളിലായി നല്ല പഴുത്ത കൈതച്ചക്ക അടുക്കി വച്ചിരിക്കുന്നു. അതിനടുത്തായി ഒരു ബോക്‌സും. കൈതച്ചക്കയുടെ വില വിവരങ്ങൾ തട്ടിന്റെ വശങ്ങളിലായി എഴുതി വച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് കൈതച്ചക്ക എടുത്ത് പണം ആ ബോക്‌സിലിടാം. നിങ്ങൾ കൃത്യമായി പണം നിക്ഷേപിക്കുന്നുണ്ടോ എന്ന് നോക്കാൻ ആരും തന്നെ കാവലുമില്ല. ഇനി ഒരുപക്ഷെ നിങ്ങൾ പണം നിക്ഷേപിക്കാതെ പോയാലും ആരും അറിയാനും പോകുന്നില്ല. വിശ്വാസം അതെല്ലേ എല്ലാം.
മൈ ഹോം ഇന്ത്യ ട്വിറ്റർ പേജ് വിവരിക്കുന്നതനുസരിച്ച് "മിസോറാമിലെ സെല്ലിംഗ് ഹൈവേയിൽ കടയുടമയില്ലാത്ത നിരവധി കടകളുണ്ട്. ഒരാളെപ്പോലും ഈ കടകൾക്കു ചുറ്റും കാണാൻ പറ്റില്ല. പകരം, ഓരോ കടയ്ക്കും സമീപം പണം നിക്ഷേപിക്കാൻ ഒരു ബോക്സ് സൂക്ഷിക്കുന്നു. കടയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെന്തും എടുത്ത് ബോക്സിൽ പണം നിക്ഷേപിക്കാം. 'കടയുടമകളില്ലാത്ത കട' തീർത്തും സന്തോഷം തരുന്നു എന്ന് പലരും കുറിച്ചു. സ്വിറ്റ്സർലൻഡിലും ജർമ്മനിയിലും 'സത്യസന്ധത ഷോപ്പുകൾ' നിലവിലുണ്ടെന്ന് അറിയാം എങ്കിലും ഇന്ത്യയിൽ 'കടയുടമകളില്ലാത്ത കട' ഉണ്ടെന്നത് അഭിമാനിക്കാവുന്ന കാര്യം ആണെന്ന് പലരും കുറിച്ചു.