പൊതിച്ചോറ് പതിയെ ഇല്ലാതാകുന്നു
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടറുകളിൽ നിന്ന് പൊതിച്ചോറുകൾ ഇല്ലാതാകുന്നു. വഴിയോര വിപണികളിലും ഹോട്ടലുകളിലും ബിരിയാണി പൊതികൾക്ക് പ്രീയമേറി. പരിപ്പ്, പപ്പടം, സാമ്പാർ, പുളിശേരി, മീൻകറി, പച്ച മോര്, തോരൻ, അവിയൽ, അച്ചാർ, മെഴുക്ക് പുരട്ടി തുടങ്ങി വിഭവ സമൃദ്ധമായിരുന്നു മിക്ക ഹോട്ടലുകളിലെയും പൊതിച്ചോറുകൾ. ഇതിന് പുറമെ മീൻ പൊരിച്ചത് സ്പെഷ്യൽ ഇനം.
ഇത്രയും ഇനങ്ങളോടെ പൊതിച്ചോറുകൾ ഒരുക്കണമെങ്കിൽ സമയവും ജോലിക്കൂലിയും ചെലവും ഏറെയാണ്. ഇതോടെയാണ് പലയിടത്തും പൊതിച്ചോറുകൾ പതിയെ ബിരിയാണി പൊതികൾക്കായി വഴി മാറിയത്. ബീഫ്, ചീക്കൻ ബിരിയാണികളാണ് പൊതുവെ ഉള്ളത്. ബിരിയാണിക്കൊപ്പം അച്ചാർ, സാലഡ്, പപ്പടം എന്നിവ കൂടിയാകുമ്പോൾ കാര്യം കഴിഞ്ഞു. ചില ഹോട്ടലുകൾ പപ്പടം ഒഴിവാക്കാറുമുണ്ട്. 60 രൂപ മുതൽ ചിക്കൻ ബിരിയാണി നൽകുന്ന സ്ഥാപനങ്ങളുണ്ട്. വീടുകളിൽ ബിരിയാണി തയ്യാറാക്കി വഴിയോരത്ത് വിൽക്കുന്നവരുടെ എണ്ണവും കൂടി. കഴിഞ്ഞ ദിവസം ഒന്നര കിലോ ചിക്കൻ ബിരിയാണി 120 രൂപയ്ക്ക് തൂക്കി വിൽക്കുന്നിടം വരെയെത്തി കാര്യങ്ങൾ. കോഴി വില ശരാശരി 80 രൂപയിലേക്ക് എത്തിയതോടെ ചിക്കൻ ബിരിയാണിയുടെ വിലയിലും കുറവുണ്ടായി. പ്രവൃത്തി ദിവസങ്ങളിൽ കളക്ടറേറ്റ് പരിസരങ്ങളിലും നഗരത്തിലെ ചില ഹോട്ടലുകളിലും പൊതിച്ചോറുകൾ ലഭിക്കുമെങ്കിലും ബിരിയാണിയാണ് താരം. ഇന്നലെ പൊതിച്ചോറ് തിരക്കി നഗരത്തിലെ ഹോട്ടലുകൾ കയറി ഇറങ്ങിയവർക്ക് ഒടുവിൽ ബിരിയാണി പൊതിയുമായി മടങ്ങേണ്ടി വന്നു. നഗരത്തിൽ മാത്രമല്ല, ജില്ലയിലെങ്ങും ലോക്ക് ഡൗൺ ദിനങ്ങൾ ബിരിയാണിക്കാലമായി മാറുകയാണ്.
ചിക്കൻ ബിരിയാണി: 60 - 100 രൂപ
ബീഫ് ബിരിയാണി: 100 രൂപ
ഒന്നര കിലോ ചിക്കൻ ബിരിയാണി: 120 രൂപ
കോഴി വില ശരാശരി: 80 രൂപ