# എം.എൽ.എ യ്ക്കൊപ്പം നിൽക്കാൻ സി.പി.എം തീരുമാനം
പത്തനാപുരം: താലൂക്ക് ആശുപത്രി എവിടെ വേണമെന്ന കാര്യത്തിൽ നാലുവർഷമായി ഗണേശ് കുമാർ എം.എൽ.എയും സി.പി.എമ്മും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് വിരാമമാകുന്നു. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് മുന്നണി നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ പിടവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിൽക്കുന്ന സ്ഥലത്ത് ആശുപത്രി നിർമ്മിക്കാൻ ധാരണയായെന്നാണ് പുറത്ത് വരുന്ന വിവരം. പിടവൂരിൽ ആശുപത്രി നിർമ്മിക്കണമെന്ന് എം.എൽ.എയും പത്തനാപുരത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി ആശുപത്രി നിർമ്മിക്കണമെന്ന് സി.പി.എമ്മും വാദിച്ചതോടെയാണ് താലൂക്ക് ആശുപത്രി നിർമ്മാണം പ്രതിസന്ധിയിലായത്. നിലവിൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ നിലനിൽക്കുന്ന സ്ഥലത്ത് തന്നെ ആശുപത്രി വേണമെന്ന് സി.പി.ഐയും നിലപാടെടുത്തതോടെ നടപടികൾ കടലാസിലൊതുങ്ങി. ആശുപത്രിക്കായി 96 കോടി രൂപ അനുവദിച്ചെന്ന് എം.എൽ.എ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കോൺഗ്രസും പോഷക സംഘടനകളും ഘടക കക്ഷികളും പ്രത്യക്ഷസമരവുമായി രംഗത്തെത്തി. ഈ വിഷയത്തിൽ ജനവികാരം എതിരാവുമെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് എം.എൽ.എയും എൽ.ഡി.എഫ് നേതാക്കളായ കെ. രാജഗോപാലും അഡ്വ. എസ്. വേണുഗോപാലും മറ്റ് നേതാക്കളും ചേർന്ന് തിടുക്കപ്പെട്ട് യോഗം ചേർന്ന് സമവായമുണ്ടാക്കിയത്. സി.പി.എമ്മിന്റെ എതിർപ്പ് മറികടക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ആരോഗ്യമന്ത്രി കെ.കെ. ശൈല എന്നിവരുമായി എം.എൽ.എ ചർച്ച നടത്തിയിരുന്നു. നേതാക്കളുടെ സമ്മർദ്ദം കൂടി കണക്കിലെടുത്താണ് എം.എൽ.എയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ പ്രാദേശിക സി.പി.എം നേതൃത്വം തയ്യാറായതെന്നും സൂചനയുണ്ട്.
പ്രഖ്യാപനം
അഭിപ്രായ സമന്വയത്തിലെത്തിയ വിവരം മുന്നണി ഘടകങ്ങളെ കൂടി അറിയിച്ചശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. ആറുവർഷം മുൻപ് പത്തനാപുരം ആസ്ഥാനമായി താലൂക്ക് രൂപീകരിച്ചതോടെ ആരംഭിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും കൂടിയാണ് ഇതോടെ വിരാമമാകുന്നത്. സ്ഥലം എവിടെയായാലും ആധുനിക സൗകര്യത്തോടെയുള്ള ആശുപത്രി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.