കൊല്ലം: സിറ്റി പൊലീസ്, കോസ്റ്റൽ പൊലീസ്, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ശുചിത്വ തീരം സുരക്ഷിതതീരം പദ്ധതിയുടെ ഭാഗമായി കണ്ടൽ വനവത്കരണത്തിന്റെ 12-ാം ഘട്ടത്തിൽ കോവിൽതോട്ടം മുതൽ അഴീക്കൽ വരെയുള്ള ടി.എസ് കനാലിന്റെ തീരത്ത് പുന്നയും മറ്റ് വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.
കന്നിട്ട കടവിൽ പുന്നത്തൈകൾ നട്ട് കരുനാഗപ്പള്ളി എ.സി.പി ബി. ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോവിൽ തോട്ടം മുതൽ കാട്ടിൽ മേക്കതിൽ ക്ഷേത്രം വരെ പന്മന പഞ്ചായത്തും അഴീക്കൽ വരെ ആലപ്പാട് പഞ്ചായത്തുമായി സഹകരിച്ച് വൃക്ഷത്തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്. വനം വകുപ്പ് ബയോ ഡൈവേഴ്സിറ്റി , എസ്.പി.സി ഹായ് ക്ലബ്, മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. വൃക്ഷത്തൈകളുടെ പരിപാലനം കുടുംബശ്രീയും കോസ്റ്റൽ പൊലീസും യോജിച്ചാണ് നടത്തുക. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിത്ത് രഞ്ജ്, പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ, കോസ്റ്റൽ എസ്.എച്ച്.ഒ എസ്. ഷരീഫ്, എസ്.ഐ എം.സി. പ്രശാന്തൻ, ടി.എ. നജീബ്, പി.ആർ.ഒ ഡി. ശ്രീകുമാർ, എ.എസ്.ഐ അശോകൻ അസിം, കുരീപ്പുഴ ഫ്രാൻസിസ്, സുരേഷ് തള്ളത്ത് എന്നിവർ നേതൃത്വം നൽകി. ശങ്കരമംഗലം എച്ച്.എസ്.എസ് എസ്.പി.സിയുടെ നേതൃത്വത്തിൽ സാനിറ്റൈസർ, മാസ്ക്, ആയുർവേദ പ്രതിരോധ മരുന്ന് എന്നിവ വിതരണം ചെയ്തു.