പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പഴയ കെട്ടിടത്തിന് മുകളിൽ നിർമ്മാണം നടക്കുന്ന ഇരുനിലകൾ അടുത്തമാസം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. നിർമ്മാണ ജോലികൾ വിലയിരുത്താനെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾക്ക് വിശ്രമിക്കാനും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിപ്പോയുടെ ഓഫീസുകൾ മാറ്റി സ്ഥാപിക്കാനുമാണ് നിലവിലുള്ള കെട്ടിടത്തിന് മുകളിൽ രണ്ടുനിലകൂടി നിർമ്മിക്കുന്നത്. കെട്ടിടത്തിന് സമീപം അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാനും മന്ത്രി ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകി. നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് ,ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, മുൻ ചെയർമാൻ കെ. രാജശേഖരൻ തുടങ്ങിയവരും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
ഡിപ്പോ സ്മാർട്ടാകും
രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് ഡിപ്പോ നവീകരിക്കുന്നത്. ഇതിൽ 80 ലക്ഷം രൂപ പുതിയ നിലകൾ നിർമ്മിക്കാനായി മാത്രം ചെലവഴിക്കും. ആറ് മാസം മുമ്പ് 80 ലക്ഷം രൂപ ചെലവഴിച്ച് ഡിപ്പോയുടെ മുന്നിലെ യാർഡ് തറയോട് പാകി മനോഹരമാക്കിയിരുന്നു. ശേഷിക്കുന്ന 40 ലക്ഷം രൂപ ഉപയോഗിച്ച് ഡിപ്പോയ്ക്ക് മുന്നിലെ പ്രവേശന കവാടങ്ങളുടെ പുനർനിർമ്മാണവും ആരംഭിച്ചു.
പ്രതിസന്ധിയായത് ലോക്ക് ഡൗൺ
ലോക്ക് ഡൗൺ ആരംഭിച്ചതിനെ തുടർന്നാണ് പ്രവേശന കവാടത്തിന്റെ നിർമ്മാണം രണ്ടുമാസം മുൻപ് നിറുത്തിവച്ചത്. ഡിപ്പോയുടെ അകത്തേക്കും പുറത്തേക്കും ബസുകൾക്ക് ഇറങ്ങാനുള്ള സൗകര്യം മുൻനിറുത്തിയാണ് രണ്ട് കവാടങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ടത്.
........................................
നിർമ്മാണം നടക്കുന്ന കവാടത്തോട് ചേർന്ന് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സെക്യൂരിറ്റി മുറിയും ഒരുക്കും. ഡിപ്പോയ്ക്ക് പുറക് വശത്തുകൂടി ഒഴുകുന്ന കല്ലടയാറിന്റെ തീരത്ത് നിർമ്മാണ ജോലികൾ നിറുത്തിച്ച പാർക്കിന്റെ ജോലികളും പുനരാരംഭിക്കും
മന്ത്രി കെ. രാജു
നവീകരണം: 02 കോടി ചെലവിൽ
പുതിയ നിലകൾക്ക്: 80 ലക്ഷം
യാർഡിൽ തറയോട് പാകാൻ: 80 ലക്ഷം
കവാടങ്ങൾക്ക്: 40 ലക്ഷം