jimper

കൊല്ലം: പരീക്ഷകൾ പരിഗണിച്ച് ഇന്നലെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കിയെങ്കിലും കടകളടച്ചും വാഹനങ്ങൾ പരമാവധി നിരത്തിലിറക്കാതെയും ജനങ്ങൾ സമ്പൂർണ ലോക്ക് ഡൗൺ നടത്തി. പതിവായി ഞയറാഴ്ചകൾ സമ്പൂർണ ലോക്ക് ഡൗണായതിനാൽ ഇന്നലെയും ജനങ്ങൾ ലോക്ക് ഡൗൺ ആലസ്യത്തിലായിരുന്നു. കൊല്ലം നഗരത്തിലുൾപ്പെടെ ഭൂരിപക്ഷം വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയെങ്കിലും ബസുകളുടെ എണ്ണം കുറവായിരുന്നു. ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളുടെ എണ്ണവും പൊതുവെ കുറവായിരുന്നു. വിവിധ പരീക്ഷകൾക്കായി ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത് സ്വകാര്യ വാഹനങ്ങളിലാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ മദ്യശാലകൾ പതിവ് പോലെ പ്രവർത്തിച്ചു. എല്ലായിടത്തും തിരക്ക് അനുഭവപ്പെട്ടിരുന്നു.